'മന്ത്രി രാജിവയ്‌ക്കണം, ദേവസ്വം ബോർഡിനെ പുറത്താക്കണം'; നിയമസഭയിൽ പ്രതിപക്ഷ ബഹളം

Tuesday 07 October 2025 10:39 AM IST

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഇന്നും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം വച്ചു. ദ്വാരപാലക ശില്‌പം വിൽപ്പന നടത്തിയെന്ന ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ദേവസ്വം മന്ത്രി രാജിവയ്‌ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഹൈക്കോടതിയെപ്പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണ് ഇതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനെ സർക്കാരും ദേവസ്വം ബോർഡും സ്വാഗതം ചെയ്‌തിട്ടുണ്ട്. രാഷ്‌ട്രീയ കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് ഇന്നലെയാണെന്നും മന്ത്രി എംബി രാജേഷ് ഓർമിപ്പിച്ചു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ ചോദ്യോത്തരവേള റദ്ദാക്കി.