റെക്കാഡുകൾ പുതുക്കി സ്വർണവില; ഇന്ന് ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം രൂപ നൽകണം
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കാഡുകൾ തിരുത്തി സ്വർണവില. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 89,480 രൂപയാണ്. ആദ്യമായാണ് സ്വർണവില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വർദ്ധിച്ച് 11,185 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് 1920 രൂപയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ആയിരം രൂപയാണ് കൂടിയത്.
സ്വർണവില പുതിയ റെക്കാഡിടുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്ന് കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയിൽ ഒരു പവന്റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നൽകണം. ഇന്നത്തെ വെള്ളി വില ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,67,000 രൂപയുമാണ്.
അമേരിക്കയിലെ അടച്ചുപൂട്ടൽ നടപടികളും വ്യാപാര തീരുവ അനിശ്ചിതത്വവും കണക്കിലെടുത്ത് വൻകിട നിക്ഷേപ സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ലോകം വീണ്ടുമൊരു മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും നിക്ഷേപകർ വിലയിരുത്തുന്നു. അമേരിക്കൻ ഡോളർ, യു.എസ് ബാേണ്ടുകൾ എന്നിവ ഒഴിവാക്കിയാണ് കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം കൂട്ടുന്നത്. ദീപാവലിയോടെ രാജ്യാന്തര വില ഔൺസിന് നാലായിരം ഡോളറിലെത്തിയേക്കും. ഇതിനാൽ ദീപാവലിക്ക് മുമ്പ് കേരളത്തിൽ ഗ്രാമിന്റെ വില 12,000 രൂപ കടന്നേക്കും