മകനെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചു; മഞ്ചേശ്വരത്ത് അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Tuesday 07 October 2025 11:33 AM IST

കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ചു. പെയിന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വെെകിട്ടോടെയാണ് ഇരുവരും വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയിലാണ് മരിച്ചത്.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ അജിത്തും ശ്വേതയും മൂന്നു വയസുള്ള മകനുമായി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടംവരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞാണ് ഇരുവരും മടങ്ങിയത്. ശേഷം തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വെെകുന്നേരത്ത് വീട്ടുമുറ്റത്ത് വീണ് കിടക്കുന്ന നിലയിലാണ് അയൽവാസികൾ ഇവരെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അജിത്ത് മരിച്ചത്. പിന്നാതെ ശ്വേതയും മരണത്തിന് കീഴടങ്ങി. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ മഞ്ചേശ്വം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)