ഗൾഫിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരുന്നവരുടെ ശ്രദ്ധയ്ക്ക്; പാനീയങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തി
അബുദാബി: പാനീയങ്ങൾക്ക് 'ഷുഗർ ടാക്‌സ്' എന്ന പുതിയ നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി യുഎഇ. മധുരമുള്ള പാനീയങ്ങളിലെ പഞ്ചസാര, സ്വീറ്റ്‌നർ തുടങ്ങിയവയുടെ അളവ് എന്നിവ അനുസരിച്ച് നികുതി ഏർപ്പെടുത്താനുള്ള നിയമ ഭേദഗതികൾ പൂർത്തിയാക്കിയതായി യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. 2026 ജനുവരി ഒന്നുമുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പഞ്ചസാര ചേർത്ത പാനീയങ്ങളുടെ (എസ്‌എസ്‌ബി) എക്സൈസ് നികുതിക്ക് ഒരു ശ്രേണിപരമായ വോള്യൂമെട്രിക് മാതൃക തയ്യാറാക്കാനുള്ള ജിസിസി രാജ്യങ്ങളുടെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നയമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദേശീയ തലത്തിൽ പുതിയ നയത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്ന സമഗ്രവും നിയമപരവുമായ അടിത്തറ സ്ഥാപിക്കുക എന്നതാണ് ഭേദഗതികളുടെ ലക്ഷ്യം. നിർദിഷ്ട ഭേദഗതികൾ "ഒരു മത്സരാധിഷ്ഠിത നികുതി അന്തരീക്ഷം വളർത്തിയെടുക്കും" എന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് 50 ശതമാനം എക്സൈസ് നികുതിക്ക് വിധേയമായി സാധനങ്ങൾ ഇറക്കുമതി ചെയ്യുകയോ ഉത്പാദിപ്പിക്കുകയോ ചെയ്ത വ്യക്തികൾക്ക് മുമ്പ് അടച്ച നികുതിയുടെ ഒരു ഭാഗം കുറയ്ക്കാൻ അനുവദിക്കുന്ന വ്യക്തമായ സംവിധാനവും പുതിയ ചട്ടങ്ങളിൽ ഉൾക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.