സ്വർണപാളി വിവാദം; ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെൻഷൻ

Tuesday 07 October 2025 2:03 PM IST

തിരുവനന്തപുരം: സ്വർണപാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് സസ്‌പെൻഡ് ചെയ്തത്. സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ മുരാരി ബാബുവിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. നിലവിൽ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറാണ് മുരാരി ബാബു.

2019ൽ സ്വർണപാളി ചെമ്പ്പാളി ആണെന്ന് റിപ്പോർട്ട് എഴുതിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. 2025ൽ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു. ഈ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് റിപ്പോർട്ട്.