ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 20 പവൻ കാണാനില്ല; സംഭവം കോഴിക്കോട്
കോഴിക്കോട്: വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികൾ കാണാതായതായി പരാതി. ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഇരുപത് പവനോളം സ്വർണമാണ് കാണാതായത്. മലബാർ ദേവസ്വത്തിന് കീഴിലുള്ളതാണ് ഈ ക്ഷേത്രം. എക്സിക്യൂട്ടീവ് ഓഫീസറും സ്വർണ ഉരുപ്പടികളുടെ കസ്റ്റോഡിയനുമായ സജീവൻ കണക്ക് നോക്കിയപ്പോഴാണ് 20 പവൻ കുറവുള്ളതായി കണ്ടെത്തിയത്. ഇതോടെ സജീവൻ മുൻ എക്സിക്യൂട്ടീവ് ഓഫീസറായ വിനോദിന് നോട്ടീസയച്ചു. എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ല. കഴിഞ്ഞ മൂന്നുവർഷത്തിനിടെ നാല് ഓഫീസർമാരാണ് ക്ഷേത്രത്തിൽ മാറി മാറിവന്നത്. സജീവിന് ശേഷമെത്തിയ ഹരിദാസനും ദിനേശനും സ്വർണം കാണാനില്ലെന്ന് കണ്ടെത്തുകയും മുൻ ഓഫീസർമാർക്ക് നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു. സ്വർണം കാണാതായത് വർഷങ്ങൾക്ക് മുമ്പാണ്. ഇപ്പോൾ വിവാദമായതോടെ സ്വർണം നാളെയോടെ തിരിച്ചേൽപ്പിക്കാമെന്ന് വിനോദ് ക്ഷേത്രഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകാത്തതിനെതിരെ വിമർശനമുയരുന്നുണ്ട്.