ബൈക്ക് മോഷണം പോയ പരാതി നൽകി തിരികെ വരുമ്പോൾ കള്ളൻ മുന്നിൽ, പിന്നെ സംഭവിച്ചത്

Tuesday 07 October 2025 7:58 PM IST

പാലക്കാട്: ബൈക്ക് മോഷണം പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി മ‌ടങ്ങുകയായിരുന്ന ഉടമയുടെ മുന്നിൽ മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. നടുറോഡിൽ ഓടിച്ചിട്ട് പിടിച്ചാണ് ഉടമ തന്നെ തന്റെ ബൈക്ക് വീണ്ടെടുത്തത്. പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണനാണ് സ്വന്തം ബൈക്ക് മോഷ്ടാവിന്റെ കൈയിൽ നിന്ന് ധീരമായി പിടികൂടിയത്.

പുതുപ്പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. ഉടൻ തന്നെ അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി നൽകി തിരികെ എസ്റ്റേറ്റ് ജംഗ്ഷനിലെത്തിയ രാധാകൃഷ്ണൻ അമ്പരന്നു. തന്റെ മോഷണം പോയ ബൈക്കുമായി ഒരാൾ തന്റെ കൺമുന്നിലൂടെ കടന്നുപോകുന്നതാണ് രാധാകൃഷ്ണൻ കാണുന്നത് .

ഉടൻ തന്നെ മുന്നും പിന്നും നോക്കാതെ മോഷ്ടാവിന് പിന്നാലെ രാധാകൃഷ്ണൻ ഓടി. നടുറോഡിൽ വച്ച് ബൈക്ക് തടഞ്ഞ ശേഷം നാട്ടുകാരെ വിളിച്ചുകൂട്ടി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ബൈക്ക് മോഷ്ടിച്ച മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. മോഷണം പോയ ഉടൻ തന്നെ ബൈക്ക് തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് രാധാകൃഷ്ണൻ.