നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം

Wednesday 08 October 2025 12:03 AM IST

കൊച്ചി: പരിമിതമായ മേഖലകളിൽ മാത്രമുണ്ടായിരുന്ന നിർമ്മിത ബുദ്ധി വിപുലമായ തലങ്ങളിലേക്ക് നീങ്ങുന്നതിന്റെ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് നാഷണൽ പെയ്‌മെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൻ.പി.സി.ഐ) നോൺ എക്‌സിക്യുട്ടീവ് ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അജയ് കുമാർ ചൗധരി പറഞ്ഞു. മുംബൈയിൽ നടന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അവസരങ്ങളൊരുക്കുന്നതിനൊപ്പം സങ്കീർണമായ വെല്ലുവിളികളും നിർമ്മിത ബുദ്ധി സൃഷ്‌ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ്, ഇൻഷ്വറൻസ്, ഓഹരി വിപണി, പെയ്‌മെന്റ്‌സ് സംവിധാനം തുടങ്ങിയവയിൽ 2027ഓടെ 10,000 കോടി ഡോളറിനടുത്ത് നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ പ്രസക്തിയിലുപരി എത്ര വേഗത്തിൽ നടപ്പാക്കാമെന്നാണ് വ്യവസായ മേഖല ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.പി.ഐ വഴി നിലവിൽ പ്രതിമാസം രണ്ടായിരം കോടിയിലധികം ഇടപാടുകളാണ് നടക്കുന്നത്. സാങ്കേതികവിദ്യ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റമാണ് വലിയ വിപ്ളവം സൃഷ്‌ടിക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.