അനിൽ അംബാനിയുടെ കമ്പനികൾക്ക് സെബി നോട്ടീസ്

Wednesday 08 October 2025 12:03 AM IST

കൊച്ചി: വായ്പാ ഇടപാടിലെ തിരിമറികളുടെ പേരിൽ അനിൽ അംബാനിയുടെ കമ്പനികളായ റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്‌ട്രക്‌ചർ എന്നിവയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) കാരണം കാണിക്കൽ നോട്ടീസയച്ചു. സി.എൽ.ഇ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 6,501 കോടി രൂപയുടെ വായ്പ എടുത്ത ഇടപാട് സെബിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് കണ്ടെത്തിയത്. എന്നാൽ സി.എൽ.ഇയുമായി വായ്പ ഇടപാടുകളില്ലെന്ന് റിലയൻസ് പവർ വ്യക്തമാക്കി. സെബി നോട്ടീസ് ലഭിച്ചതിന് പിന്നാലെ അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടായി. ആറ് മാസങ്ങൾക്ക് മുൻപ് സി.എൽ.ഇയുമായുള്ള ഇടപാടുകളിലെ തർക്കങ്ങൾ പരിഹരിച്ചതാണെന്നും റിലയൻസ് പവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വിവിധ ബാങ്കുകളിൽ നിന്ന് അനധികൃതമായി വായ്പ തരപ്പെടുത്തിയെന്ന ആരോപണത്തിൽ അനിൽ അംബാനി കമ്പനികൾക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും സി.ബി.ഐയും അന്വേഷണം തുടങ്ങിയിരുന്നു.