പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: ഡോക്ടറെ രക്ഷിക്കാൻ പുനരന്വേഷണം
കൊച്ചി: പാമ്പുകടിയേറ്ര ബാലികയെ ചികിത്സ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശവും അട്ടിമറിക്കുന്നു. നടപടിക്ക് പകരം പുനരന്വേഷണം പ്രഖ്യാപിച്ചാണ് ആരോഗ്യവകുപ്പ് തലയൂരിയത്. പുതിയ അന്വേഷണത്തിന് ആരോഗ്യവകുപ്പിലെ റീജിയണൽ വിജിലൻസ് യൂണിറ്റ്-2 (എറണാകുളം) ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കഴിഞ്ഞമാസം 20ന് പുതിയ ഉത്തരവിറക്കി. തൃശൂർ തളിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ.ബി.എസ്. ശ്രീരേഖയ്ക്കെതിരെ ആലമറ്റം കാച്ചാപ്പിള്ളി വീട്ടിൽ ബിനോയ് നൽകിയ പരാതിയിലാണ് ആരോഗ്യവകുപ്പ് ഉരുണ്ടുകളിക്കുന്നത്. ഇറ്റലിയിൽ ജോലിചെയ്യുന്ന ബിനോയ് - ലയ ദമ്പതികളുടെ മകൾ ആവറിന് (3) 2021 മാർച്ച് 24നാണ് നാട്ടിലെ വീട്ടുമുറ്റത്തുവച്ച് കൈയിൽ പാമ്പ് കടിയേറ്റത്. കുട്ടിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രീരേഖ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. തൃശൂർ ഡി.എം.ഒ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ അന്വേഷണത്തിൽ ഡോ. ശ്രീരേഖ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കർശന നടപടിക്ക് ശുപാർശചെയ്തു. റിപ്പോർട്ട് ശരിവച്ച ഡി.എം.ഒ, മേൽനടപടിക്കായി ആരോഗ്യവകുപ്പിന് അയച്ചുകൊടുത്തു. 2021 മാർച്ച് 23ന് ഉണ്ടായ സംഭവത്തിൽ 2025 ജനുവരി 23നാണ് സംഘം റിപ്പോർട്ട് നൽകിയത്. നടപടി വൈകുന്നതായി കഴിഞ്ഞ ജൂലായ് 23ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.