ശബരിമല: വെള്ളക്കരം കുടിശിക 15 കോടി

Wednesday 08 October 2025 3:35 AM IST

തിരുവല്ല: ശബരിമലയിൽ കുടിവെള്ളം നൽകിയതിന് ജല അതോറിട്ടിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകാനുള്ളത് 15,08,42,105 രൂപ. ആഗസ്റ്റ് 31വരെ ജലവിതരണം നടത്തിയതിന്റെ 11,50,29,945 രൂപയും അനുബന്ധ ഡെപ്പോസിറ്റ് പ്രവൃത്തികളുടെ 3,58,12,160 രൂപയുമാണ് നൽകാനുള്ളത്. സന്നിധാനത്തുള്ള കണക്ഷനിലെയും പമ്പയിലും നിലയ്ക്കലുമുള്ള രണ്ട് കണക്ഷനുകളിലെയും കുടിശികയാണിത്.

കഴിഞ്ഞ ജൂണിൽ ബോർഡ് 6.05 കോടി ജല അതോറിട്ടിയിൽ അടച്ചിരുന്നു. തുടർന്നാണ് കുടിശിക 15 കോടിയായി കുറഞ്ഞത്. കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിട്ടി ബോർഡിന് കത്ത് നൽകി.