ഒടിഞ്ഞ കെെ മുറിച്ച് മാറ്റിയ സംഭവം ഒമ്പതുകാരിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി
കോഴിക്കോട്: ചികിത്സാ പിഴവ് മൂലം ഒടിഞ്ഞ കെെ മുറിച്ച് മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒമ്പതുകാരി വിനോദിനിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി. മുറിച്ച് മാറ്റിയ ഭാഗത്ത് അണുബാധ കണ്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.
ഈ ഭാഗത്തെ നീരും പഴുപ്പും നീക്കം ചെയ്യേണ്ടതുണ്ട്. ഐ.സി.യുവിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കെെയുടെ വേദന പൂർണമായും മാറിയിട്ടില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മറ്ര് കാര്യങ്ങൾ നോക്കാമെന്നുമാണ് ഡോക്ടർമാർ അറിയിച്ചതെന്ന് വിനോദിനിയുടെ പിതാവ് വിനോദ് പറഞ്ഞു. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് വലതുകൈ നഷ്ടമായത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും കൈ മുറിച്ചുമാറ്റുകയുമായിരുന്നു. സെപ്തംബർ 24ന് വൈകിട്ട് വീട്ടിൽ കളിക്കുന്നതിനിടെയാണ് വീണ് കൈയ്ക്ക് പരിക്കേറ്റത്. ആദ്യം ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ച കുട്ടിയെ മുറിവിൽ മരുന്നുകെട്ടി പ്ലാസ്റ്ററിട്ട് പറഞ്ഞയയ്ക്കുകയായിരുന്നു. വേദനയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ മെഡി.കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.