ഓവർസീസ് സ്‌കോളർഷിപ്പ്: വിദേശ പഠനത്തിന് പോയത് 1579 പേർ
Wednesday 08 October 2025 12:13 AM IST
തിരുവന്തപുരം: ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി വഴി 1059 പട്ടികജാതി വിദ്യാർത്ഥികളെയും 80 പട്ടികവർഗ്ഗ വിദ്യാർത്ഥികളെയും വിദേശ പഠനത്തിന് അയച്ചതായി മന്ത്റി ഒ.ആർ.കേളു നിയമസഭയെ അറിയിച്ചു. പദ്ധതി പുനഃസംഘടിപ്പിച്ച ശേഷം 404 പട്ടികജാതി വിദ്യാർത്ഥികളും 36 പട്ടികവർഗ്ഗ വിദ്യാർത്ഥികളും വിദേശ പഠനത്തിന് പോയിട്ടുണ്ട്. കുടുംബശ്രീ മുഖാന്തരം പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി നടത്തിയ മത്സരപരീക്ഷ പരിശീലനത്തിലൂടെ 164 പേർക്ക് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. 157 പേർ വിവിധ റാങ്ക് പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവരെയാണ് ആദ്യഘട്ടത്തിൽ മത്സര പരീക്ഷാ പരിശീലനത്തിൽ പങ്കെടുപ്പിച്ചത്.