നടപടി കടുപ്പിച്ച് കേരളം, കോൾഡ്രിഫ് കമ്പിനിയായ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന് വിലക്ക്
തിരുവനന്തപുരം:കുട്ടികളിൽ മരണകാരണമായ ചുമരുന്നിന്റെ നിർമ്മാതാക്കളുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിലക്കി. കോൾഡ്രിഫ് നിർമ്മിച്ച തമിഴ്നാട് കാഞ്ചിപുരത്തെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിനാണ് വിലക്ക്.മദ്ധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി കുഞ്ഞു ജീവനുകളെടുത്ത കോൾഡ്രിഫിന്റെ നിർമ്മാതാക്കളുടെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ തീരുമാനിച്ച സാഹചര്യത്തിലാണിതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.സിറപ്പുകൾ,ഗുളികകൾ,തുള്ളി മരുന്നുകൾ,പൊടികൾ എന്നിവ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ട്.കൂടാതെ അഹമ്മദാബാദിലുള്ള റെഡ്‌നെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്‌പിഫ്രഷ് ടിആർ സിപ്പിന്റെ R01GL2523 ബാച്ചിലെ മരുന്നുകളും കേരളത്തിൽ നിരോധിച്ചു.ഗുജറാത്ത് ഡ്രഗ്സ് കൺട്രോൾ വകുപ്പ് സാമ്പികൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ഇവക്ക് നിലവാരമില്ലെന്ന് കണ്ടെത്തി.ഇക്കാര്യം ഗുജറാത്ത് ഡ്രഗ്സ് കൺട്രോളർ അറിയിച്ച സാഹചര്യത്തിലാണ് മരുന്നിന്റെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവയ്പ്പിച്ചത്.സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഇവ വിതരണം നടത്തുന്നത്.മരുന്ന് വിതരണം നിർത്തിവയ്ക്കാൻ അവർക്ക് നിർദേശം നൽകി.ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
96 സാമ്പിൾ ശേഖരിച്ചു
സംസ്ഥാനത്ത് വിപണിയിലുള്ള 96 കമ്പനികളുടെ ചുമമരുന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം ശേഖരിച്ചു.വകുപ്പിന്റെ വിവിധ ലാബുകളിൽ പരിശോധന പുരോഗമിക്കുകയാണ്.രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കും.അനുവദനീയമായതിൽ അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.ഗുണനിലവാരമില്ലെന്ന് കണ്ടെത്തുന്ന മരുന്നുകൾ നിരോധിക്കും.കേന്ദ്ര ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനും റിപ്പോർട്ട് നൽകും.