രാജധാനി കോളേജിലെ ഓട്ടോമേഷൻ ലാബ് അസാപ് കേരളയുടെ മികവിന്റെ കേന്ദ്രം
തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ സ്ഥാപിക്കുന്ന ഷ്‌നൈഡർ ഓട്ടോമേഷൻ ലാബ് അസാപ് കേരളയുടെ ഹബ് ആൻഡ് സ്പോക് മോഡൽ മികവിന്റെ കേന്ദ്രമാക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചു. മന്ത്രി ഡോ.ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ അസാപ് കേരള സിം എം.ഡി ഡോ.ഉഷ ടൈറ്റസ്,രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ.ബിജു രമേശ്,മെൻട്രിക് ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് നായർ,സ്ലോൺ ഇൻഫോസിസ്റ്റം ഡയറക്ടർ മോഹിത് ഖന്ന,ഷ്‌നൈഡർ ഇലക്ട്രിക് ഡെപ്യൂട്ടി സെയിൽസ് മാനേജർ കൃഷ്ണ കുമാർ ആർ.എൻ എന്നിവർ ധാരണാപത്രം കൈമാറി. ഷ്‌നൈഡർ ഇലക്ട്രിക്കിന്റെ ചാനൽ പാർട്ണറായ മെൻട്രിക് ട്രെയിനിംഗ് ആൻഡ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴി സ്ലോൺ ഇൻഫോസിസ്റ്റം ലിമിറ്റഡിന്റെ സഹായത്തോടെ 2കോടിയോളം രൂപ ചെലവിലാണ് കേന്ദ്രം ആരംഭിക്കുന്നത്. ഇൻഡസ്ട്രിയൽ ഒട്ടോമേഷൻ, ഹോം ഓട്ടോമേഷൻ,ഡിജിറ്റൽ ഫോറൻസിക്,ഐ.ഐ.ഒ.ടി എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബുകൾ വഴി 500പേർക്ക് നൈപുണ്യ വികസനത്തിലൂടെ തൊഴിൽ നേടാം. പ്രോജക്ട് ബേസ്ഡ് ലേണിംഗ്, റിസർച്ച്,ഐഡിയ ഇൻകുബേഷൻ തുടങ്ങിയ അവസരങ്ങളും ലഭിക്കും. അക്കാഡമിക് വിഷയങ്ങളിൽ ഓൺ ദ് ജോബ് രീതിയിൽ പരിശീലനവും ഉണ്ടാവും. അസാപ് സി.ഇ.ഒ ലൈജു ഐ.പി.നായർ,രാജധാനി കോളേജ് പ്രിൻസിപ്പൽ ഡോ.മധുകുമാർ എസ്. എന്നിവർ പങ്കെടുത്തു.