ഇന്ത്യയെ എതിരിടാൻ ഓസീസ് റെഡി

Tuesday 07 October 2025 11:35 PM IST

ഓസീസ് ടീം പ്രഖ്യാപിച്ചു, ഏകദിനത്തിലും ട്വന്റി-20യിലും മിച്ചൽ മാർഷ് ക്യാപ്ടൻ

മെൽബൺ : മൂന്ന് ഏകദിനങ്ങൾക്കും അഞ്ച് ട്വന്റി-20കൾക്കുമായി എത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നേരിടാനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. ഇരുഫോർമാറ്റുകളിലും ഷോൺ മാർഷാണ് കംഗാരുക്കളെ നയിക്കുന്നത്. പേസർ മിച്ചൽ സ്റ്റാർക്കിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ നവാഗതരായ മാത്യു റെൻഷാ, മാറ്റ് ഷോർട്ട് , മിച്ച് ഓവൻ എന്നിവർക്ക് അവസരം നൽകിയിട്ടുണ്ട്. ആദ്യ രണ്ട് ട്വന്റി-20കൾക്കുള്ള ടീമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം ഏകദിനങ്ങളാണ് നടക്കുന്നത്.

അടുത്തിടെ ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്ന മിച്ചൽ സ്റ്റാർക്ക് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു. കഴിഞ്ഞമാസം നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ കളിച്ചിരുന്നില്ല. മാറ്റ് ഷോർട്ടും ഓവനും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സ്റ്റീവ് സ്മിത്ത്, ഗ്ളെൻ മാക്സ്‌വെൽ,മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ഏകദിനത്തിൽ നിന്ന് വിരമിച്ചതിനാൽ 2027 ലോകകപ്പ് ലക്ഷ്യമിട്ട് യുവനിരയെ വാർത്തെടുക്കാനാണ് ഓസീസ് സെലക്ടർമാർ ശ്രമിക്കുന്നത്.

ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുൻ നായകരായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ടീമിലുണ്ട്.

ഏകദിന ടീം

മിച്ചൽ മാർച്ച് (ക്യാപ്ടൻ), സേവ്യർ ബാലെറ്റ്,അലക്സ് കാരേ, കൂപ്പർ കൊനോലി, ബെൻ ദ്വാർഷുയിസ്,നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ,ജോഷ് ഹേസൽ വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗിലിസ്,മിച്ചൽ ഓവൻ,മാറ്റ് റെൻഷാ,മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.

ട്വന്റി-20 ടീം

മിച്ചൽ മാർച്ച് (ക്യാപ്ടൻ), സീൻ അബോട്ട്, ടിം ഡേവിഡ്, സേവ്യർ ബാലെറ്റ്, ബെൻ ദ്വാർഷുയിസ്,നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽ വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗിലിസ്, മാത്യു ക്യുനേമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയ്നിസ്, ആദം സാംപ.

പര്യടന ഫിക്സ്ചർ

ഏകദിനങ്ങൾ : ഒക്ടോബർ 19,23,25

ട്വന്റി-20 :ഒക്ടോ. 29,31 നവംബർ 2,6,8.