പൃഥ്വി ഷാ ഒന്നും മറന്നിട്ടില്ല !
സന്നാഹമത്സരത്തിൽ സെഞ്ച്വറിയടിച്ച പ്രിഥ്വി ഷാ തമ്മിലടിക്കും മുന്നിട്ടിറങ്ങി
പൂനെ : അടിയും പിടിയും ബഹളവുമായി ഇന്ത്യൻ ടീമിലെ സ്ഥാനം പോലും കളഞ്ഞുകുളിച്ച പൃഥ്വി ഷാ പുതിയ തുടക്കത്തിനായി മുംബയ് രഞ്ജി ടീം വിട്ട് മഹാരാഷ്ട്ര ടീമിലേക്ക് കുടിയേറി ബാറ്റിംഗ് ഫോം വീണ്ടെടുത്തെങ്കിലും പഴയ സ്വഭാവം മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതായി ഇന്നലെ നടന്ന സംഭവങ്ങൾ. രഞ്ജി ട്രോഫിക്ക് മുന്നോടിയായി മുംബയ് ടീമും മഹാരാഷ്ട്ര ടീമും തമ്മിലുള്ള മത്സരത്തിൽ 181 റൺസടിച്ച പൃഥ്വി ഔട്ടായപ്പോൾ കളിയാക്കിയ മുംബയ് ടീമംഗം മുഷീർ ഖാനെ ബാറ്റുമായി തല്ലാൻ ചെന്നതാണ് പുതിയ വിവാദം.
ഇന്ത്യൻ താരം സർഫ്രസാസ് ഖാന്റെ സഹോദരനായ മുഷീർ താൻ ഔട്ടായപ്പോൾ കളിയാക്കിയതാണ് പൃഥ്വിയെ പ്രകോപിതനാക്കിയത്. അമ്പയർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. തുടർന്ന് ദേഷ്യത്തോടെ ഡ്രെസിംഗ് റൂമിലേക്ക് നടന്ന പൃഥ്വിയെ മുംബയ്‌യുടെ മറ്റൊരു താരം സിദ്ദേശ് ലാഡ് ചോദ്യം ചെയ്യാനെത്തിയത് മറ്റൊരു ചൂടേറിയ രംഗത്തിന് സാക്ഷ്യം വഹിച്ചു. വീണ്ടും അമ്പയർക്ക് ഇടപെടേണ്ടിവന്നു. പൃഥ്വിയുടെ പഴയ ടീംമേറ്റുകളാണ് മുഷീറും സിദ്ദേശും.
കളിക്കളത്തിനകത്തും പുറത്തും തമ്മിലടി പതിവാക്കിയതോടെയാണ് പൃഥ്വിക്ക് മുംബയ് ടീം വിടേണ്ടിവന്നത്. 2018ൽ തന്റെ 19-ാം വയസിൽ ടെസ്റ്റിൽ സെഞ്ച്വറിയടിച്ച് ഇന്ത്യൻ ടീമിൽ അരങ്ങേറിയ പൃഥ്വി 2020ന് ശേഷം ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല.