ടാറ്റ ഗ്രൂപ്പിൽ തർക്കം മുറുകുന്നു
Wednesday 08 October 2025 12:00 AM IST
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ അധികാരത്തർക്കം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ ഇടപെട്ടേക്കും. ടാറ്റ സൺസിൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്‌റ്റിന്റെ ചെയർമാൻ നോയൽ ടാറ്റയുടെ അധികാരം സംബന്ധിച്ച തർക്കമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ട്രസ്‌റ്റികളെ അറിയിക്കാതെ നോയൽ ടാറ്റ ഏകപക്ഷീയമായ തീരുമാനമെടുക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇതിനിടെ തർക്കങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായി ചർച്ച നടത്തി. നോയൽ ടാറ്റയോടൊപ്പം ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് വേണു ശ്രീനിവാസൻ, ഡാരിയസ് കംമ്പാട്ട എന്നിവർ സംഘത്തിലുണ്ടായിരുന്നു.