സുഖദർശനം ലക്ഷ്യം നിലയ്ക്കൽ ഒരുങ്ങുന്നു

Tuesday 07 October 2025 11:40 PM IST

നിലയ്ക്കൽ: അടുത്തമാസം ആരംഭിക്കുന്ന ശബരിമല തീർത്ഥാടനത്തിന് നിലയ്ക്കലിൽ ഒരുക്കങ്ങൾ ആരംഭിച്ചു. നിലയ്ക്കലിലെ പ്രധാന പ്രശ്നം തിരക്കേറിയ ദിവസങ്ങളിലെ പാർക്കിംഗാണ്. ഇതു കണക്കിലെടുത്ത് ഇൗ വർഷം പുതിയ ഒരു പാർക്കിംഗ് ഗ്രൗണ്ട് കൂടി ഒരുക്കും. നിലയ്ക്കൽ ആശുപത്രിക്ക് സമീപമാണിത്. എണ്ണൂറിനും ആയിരത്തിനുമിടയിൽ വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം. ഗ്രൗണ്ട് ഒരുക്കുന്നതിന്റെ ഭാഗമായി ടാപ്പിംഗ് കാലാവധി കഴിഞ്ഞ അഞ്ഞൂറ് റബർ മരങ്ങൾ മുറിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഇതോടെ നിലയ്ക്കലിലെ മൊത്തം പാർക്കിംഗ് ഗ്രൗണ്ടുകളുടെ എണ്ണം പതിനെട്ടാകും.

നിലവിൽ പതിനായിരം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമാണ് നിലയ്ക്കലിലുള്ളത്. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽപാർക്കിംഗിന് സ്ഥലമില്ലാതെ വരുന്നത് വലിയ വെല്ലുവിളിയാണ്.

നിലയ്ക്കലിൽ റോഡ് ടാറിംഗിന് ടെൻഡർ നടപടികളിലേക്ക് കടന്നു. പതിനഞ്ച് ലക്ഷം രൂപയുടെ രണ്ട് വർക്കുകളാണ് നടത്തുന്നത്.നേരത്തേ രാഷ്ട്രപതി ശബരിമല ദർശനത്തിന് വരുമെന്ന സൂചനയെ തുടർന്ന് നിലയ്ക്കലിലെ പ്രധാന റോഡുകൾ ടാർ ചെയ്തിരുന്നു. കുഴിയടക്കലിനും അറ്റകുറ്റപ്പണികൾക്കുമാണ് പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്. ഇൗ മാസം രാഷ്ട്രപതി ദർശനത്തിന് എത്തുമെന്ന് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് റോഡിന്റെ ബാക്കിയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നത്.നിലയ്ക്കലിലെ ഹെലിപ്പാഡിന് മൂന്ന് വശത്താണ് നിലവിൽ സംരക്ഷണ വേലിയുള്ളത്. നാലാമത്തേതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. രാഷ്ട്രപതി വരുന്നതിന് മുന്നോടിയായി ഹെലിപ്പാഡിലെ സുരക്ഷ വിലയിരുത്തും.

ഉദ്ഘാടനംകാത്ത് കുടിവെള്ള ടാങ്ക്

മൂന്ന് കുടിവെള്ള ടാങ്കുകളുടെ പദ്ധതിയിൽ ഒരെണ്ണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം നടന്നില്ല. മന്ത്രിയുടെ തീയതി ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം നീളുന്നതെന്ന് അറിയുന്നു. ഇരുപത് ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള ടാങ്കുകളാണ് നിർമ്മിക്കുന്നത്. ഉദ്ഘാടനം നടന്നില്ലെങ്കിലും വരുന്ന തീർത്ഥാടന കാലത്ത് ഒരു ടാങ്ക് പ്രവർത്തന സജ്ജമാകും. നിലയ്ക്കലിൽ ഒരു ദിവസത്തെ ഉപയോഗത്തിന് പതിനഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ് വേണ്ടത്.

@ പുതിയ ഒരു പാർക്കിംഗ് ഗ്രൗണ്ട് കൂടി

@ റോഡ് ടാറിംഗിന് ടെൻഡറായി

@ ഉദ്ഘാടനം കാത്ത് നിലയ്ക്കൽ കുടിവെള്ള ടാങ്ക്

@ ഹെലിപ്പാഡിന് സംരക്ഷണ വേലി

'' തീർത്ഥാടനത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ ഇത്തവണ നേരത്തേ തുടങ്ങി. മഴ മുന്നിൽ കണ്ടാണ് നിർമ്മാണം ആരംഭിച്ചത്.

പൊതുമരാമത്ത് അധികൃതർ