അരും കൊലയിലേക്ക് നയിച്ചത് ലഹരി

Wednesday 08 October 2025 12:25 AM IST

കൊല്ലം: പുത്തൂർ പൊരീക്കലിൽ അരുംകൊലയിലേക്ക് നയിച്ചത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ വഴക്ക്. ഏറെക്കാലമായി പൊരീക്കലിന്റെ ഉൾപ്രദേശങ്ങളിൽ കഞ്ചാവ്, മദ്യ വില്പനയും ഉപയോഗവും വ്യാപകമാണ്. ജയന്തി ഉന്നതി ഭാഗത്തായി കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് മിക്കപ്പോഴും കൈയാങ്കളിയും പോർവിളികളും നടക്കാറുണ്ട്.

ഇന്നലെ കൊല്ലപ്പെട്ട ഗോകുൽനാഥും അനുജൻ രാഹുൽനാഥുമൊക്കെ ജയന്തി ഉന്നതിയിൽ എത്താറുണ്ടായിരുന്നു. മദ്യപാനവും കഞ്ചാവിന്റെ ഉപയോഗവുമായി വലിയ ആത്മബന്ധമുള്ളവർ വളരെ പെട്ടെന്നാണ് തമ്മിലടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നേരത്തെ പൊലീസ് ഇവിടെ പരിശോധന നടത്തുകയും നിരവധി ചെറുപ്പക്കാരെ കഞ്ചാവ് കേസിൽ പിടികൂടുകയും ചെയ്തിട്ടുണ്ട്. പൊലീസും ജനപ്രതിനിധികളും ചേന്ന് ബോധവത്കരണ പരിപാടികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുറമെ നിന്നുള്ളവരും ഇവിടേക്ക് എത്തിയിരുന്നു. പൊലീസിന്റെ ജാഗ്രത കുറഞ്ഞതോടെ ലഹരി സംഘങ്ങൾ വീണ്ടും തലപൊക്കി.

ഉന്നത വിദ്യാഭ്യാസമുള്ളവരും ഇവിടെ ലഹരിക്കടിപ്പെട്ട് സൗഹൃദക്കണ്ണിയിൽ ചേരുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട കൂട്ടുകാരനെ വീട്ടിൽ ബൈക്കിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അരുംകൊലയിൽ കലാശിച്ചതും. തുടർ സംഘർഷ സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.

പ്രതികൾ എവിടെ?

കൊലപാതക ശേഷം പ്രതികൾ ബൈക്കിലാണ് രക്ഷപ്പെട്ടത്. നെടുവത്തൂർ പുല്ലാമല ഭാഗത്തുവരെ വന്നിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് എവിടേക്ക് പോയെന്ന് വ്യക്തമല്ല. മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫ് ചെയ്തിരിക്കുകയാണ്. നേരത്തെ മറ്റ് കേസുകളിൽ പ്രതിയായപ്പോഴൊക്കെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിരുന്നു. ആ നിലയിൽ ഇവിടം വിട്ടുപോയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പരുകൾ നിരീക്ഷിച്ചുവരികയാണ്.