 മാലിന്യമുക്ത നവകേരളം -- വിദ്യാർത്ഥികൾക്ക് ഇക്കോ സെൻസ് സ്കോളർഷിപ്പ്

Wednesday 08 October 2025 12:37 AM IST

ആലപ്പുഴ:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ബോധവത്കരണവും വീടുകളിലെ ഉറവിട മാലിന്യ സംസ്കരണവും ലക്ഷ്യമിട്ട് വിദ്യാർത്ഥികളെ സജീവമാക്കാൻ ഹരിതസേന ഇക്കോ സെൻസ് സ്കോളർഷിപ്പുമായി സർക്കാർ.പാഴ് വസ്തുക്കളെ ഉപയോഗമുള്ളവയാക്കി മാറ്റാനുള്ള അറിവും ശീലവും സ്വന്തമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

ശാസ്ത്രീയ പാഴ് വസ്തു പരിപാലനം,ഹരിത നൈപുണികൾ വികസിപ്പിക്കൽ,പാഴ്വസ്തു പരിപാലനവുമായി ബന്ധപ്പെട്ട് നൂതന പരിഹാരം കണ്ടെത്തൽ,അളവ് കുറയ്ക്കൽ തുടങ്ങിയവ കുട്ടികളുടെ പങ്കാളിത്തത്തിലൂടെ സാദ്ധ്യമാക്കാമെന്നാണ് തദ്ദേശ സ്വയം ഭരണവകുപ്പിന്റെ കണക്കുകൂട്ടൽ.

പാഴ്‌വസ്തു പരിപാലനം ഹരിത സാങ്കേതിക വിദ്യയിലെന്ന ആശയം മുൻനിർത്തി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ 5 മുതൽ 10വരെ ക്ലാസ്സുകളിലെ ആക്ടിവിറ്റി പുസ്തകങ്ങളും പാഠപുസ്തകങ്ങളിലെ ആശയങ്ങളും ഉൾക്കൊള്ളിച്ചാണ് സ്കോളർഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.ഇത്തരത്തിൽ പഠന പ്രവർത്തനത്തിലും വീട്ടിലും മാലിന്യസംസ്കരണപ്രവർത്തികളിലെ പങ്കാളിത്തതിന്റെ അടിസ്ഥാനത്തിലാകും തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന സ്കോളർഷിപ്പിന് പരിഗണിക്കുക.

പദ്ധതിക്ക് ആവശ്യമായ നിർദേശങ്ങൾ സ്കൂളുകളിലേക്ക് കൈമാറാൻ പൊതു വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ അദ്ധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം

- ഡയറക്ട്രേറ്റ്, തദ്ദേശസ്വയംഭരണ വകുപ്പ്