മുഖം മനസിന്റെ ക്യാൻവാസ്: മോഹനം ആർദ്ര‌യുടെ ഫേസ് പെയിന്റിംഗ്

Wednesday 08 October 2025 1:49 AM IST

തിരുവനന്തപുരം: സ്വന്തം മുഖമാണ് വക്കീൽ ആർദ്ര‌യുടെ ക്യാൻവാസ്. നിറങ്ങൾ ചാലിക്കുമ്പോൾ ശിവപാർവതി സങ്കല്പവും ശ്രീകൃഷ്ണനുമെല്ലാം മുഖത്ത് തെളിമയോടെ വിരിയും. അങ്ങനെ വക്കീലിന്റെ ഫേസ് പെയിന്റിംഗ് ശ്രദ്ധയമായി. അക്രലിക്കും ഫേസ് പെയിന്റുമാണ് ഉപയോഗിക്കുന്നത്. ചർമ്മത്തിന് പ്രശ്നമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആത്മവിശ്വാസമായി.

മൂന്നുവർഷം മുൻപുള്ള അവധിക്കാലത്തായിരുന്നു ആദ്യപരീക്ഷണം. ക്യാൻവാസും ഡ്രോയിംഗ് ഷീറ്റുമെല്ലാം സി.എസ്.ഐ ലാ കോളേജിലെ ഹോസ്റ്റലിലായിരുന്നു. തുടർന്നാണ് വീട്ടിൽ വച്ചുള്ള വരയ്ക്ക് മുഖം ക്യാൻവാസാക്കിയത്. ചുവപ്പും കറുപ്പുമൊക്കെ ഇടകലർത്തി തെയ്യക്കോലമായിരുന്നു ആദ്യ വര. വിജയിച്ചതോടെ ലിംഗസമത്വം ഉൾപ്പെടെയുള്ള സാമൂഹികവിഷയങ്ങളും മുഖചിത്രങ്ങളായി. സ്വാതന്ത്ര്യദിനം, ഹാലോവിയൻ തുടങ്ങി 60ലേറെ ചിത്രങ്ങളാണ് ആർദ്ര മുഖത്തേക്കൊപ്പിയത്.

അഞ്ച് മിനിട്ട് മുതൽ മൂന്ന് മണിക്കൂർ വരെയെടുത്താണ് ഒരു ചിത്രം പൂർത്തിയാക്കുന്നത്. നാലു മിനിട്ടിൽ കഥകളി വരയ്‌ക്കും. ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ മുഖത്ത് വരച്ച് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ ആർദ്ര പേരൂർക്കട ലാ അക്കാ‌ഡമിയിലെ എൽഎൽ.എം വിദ്യാർത്ഥിയാണ്. അച്ഛൻ: സുമരാജ്. അമ്മ: ജൂലി. സഹോദരങ്ങൾ ആദിത്യ, ആശ.

18 കഴിഞ്ഞപ്പോൾ സംരംഭകയായി

18 വയസു മുതൽ ആർട്ട് വർക്കുകളിലൂടെ സ്വന്തം ചെലവിനുള്ള പണം കണ്ടെത്തുന്നുണ്ട്. ഗിഫ്റ്റ് ഹാംപറുകൾ, ബോട്ടിൽ ആർട്, വെഡിംഗ് ഗിഫ്ട് എന്നിവയും ചെയ്യാറുണ്ട്. 'ഫേസ് ഫോർ ആർട്' ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫേസ് പെയിന്റിംഗും പ്രദർശിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് പേരാണ് വീഡിയോകൾ കണ്ടത്. ഈയാഴ്ച ആർദ്ര എൻറോൾ ചെയ്യും. നിയമവും ചിത്രകലയും ഒന്നിച്ചുകൊണ്ടുപോകാനാണ് തീരുമാനം.