യോഗേഷിന് ചെറിയ പാരയോടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്
തിരുവനന്തപുരം: ഡി.ജി.പി റാങ്കുള്ള റോഡ് സുരക്ഷ കമ്മിഷണർ യോഗേഷ് ഗുപ്തയെ കേന്ദ്ര ഡെപ്യൂട്ടേഷനും കേന്ദ്രത്തിൽ ഡി.ജി.പി റാങ്കിലേക്ക് എംപാനൽ ചെയ്യാനും പരിഗണിക്കാൻ സർക്കാർ ക്ലിയറൻസ് നൽകും. വിജിലൻസിന്റെ സ്ഥിതിവിവര ക്ലിയറൻസാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇത് നൽകാതെ സർക്കാർ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. 5 പ്രവൃത്തി ദിവസത്തിനകം നൽകണമെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടതിനെത്തുടർന്നാണ് ക്ലിയറൻസ് വേഗത്തിലാക്കിയത്.
എന്നാൽ, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങിയതിന് യോഗേഷിനെതിരേ വിജിലൻസിന്റെ പ്രാഥമിക അന്വേഷണമുണ്ടെന്ന് സർക്കാർ കേന്ദ്രത്തെ അറിയിക്കും. മന്ത്രി കെ.ബി.ഗണേഷ് കുമാറിനും 7സിവിൽ സർവീസുദ്യോഗസ്ഥർക്കുമെതിരേ ഇത്തരം അന്വേഷണം തുടങ്ങിയെന്നാണ് സർക്കാരിന്റെ വാദം. ട്രൈബ്യൂണൽ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ പോവാൻ തീരുമാനമില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്നുതന്നെ ക്ലിയറൻസ് ഡൽഹിക്ക് അയച്ചേക്കും. ഡി.ജി.പി റാങ്കിലേക്ക് എംപാനൽ ചെയ്ത് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചാൽ യോഗേഷിന് കേന്ദ്ര സേനകളിലേതിന്റെയെങ്കിലും തലവനാകാം. പക്ഷേ, വിജിലൻസിന്റെ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ യോഗേഷിനെതിരേ നടപടിയെടുക്കേണ്ടിവരുമെന്നും കേന്ദ്ര സർവീസിലേക്ക് പോയാൽ അതിന് കഴിയില്ലെന്നും കേന്ദ്രത്തെ അറിയിക്കാനാണ് തീരുമാനം.