ദേവസ്വം ഓഫീസിലേക്ക് തേങ്ങയും കല്ലുമെറിഞ്ഞു

Wednesday 08 October 2025 1:38 AM IST

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പത്തനംതിട്ട ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിന് മുന്നിലെ ഫ്ലക്സും രണ്ടാംനിലയിലെ ജനൽ ചില്ലുകളും പ്രവർത്തകർ തേങ്ങയും കല്ലും ഉപയോഗിച്ച് എറിഞ്ഞുതകർത്തു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മാർച്ച് ഉദ്ഘാടനം ചെയ്തു. അതിനുശേഷം പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെയാണ് സംഘർഷത്തിന് തുടക്കം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ദേവസ്വം ഓഫീസിന് മുന്നിലേക്ക് നടന്ന സന്ദീപ് വാര്യർക്ക് നേരെ ലാത്തി വീശാൻ ശ്രമിച്ച പൊലീസുകാരെ പ്രവർത്തകർ തടഞ്ഞു. പൊലീസ് ബലം പ്രയോഗിച്ച് സന്ദീപ് വാര്യരെ നീക്കി. ദേവസ്വം ഒാഫീസിന് മുന്നിൽ തേങ്ങ ഉടച്ച് പ്രതിഷേധിക്കാനാണ് പ്രവർത്തകർ എത്തിയത്. പൊലീസ് തടഞ്ഞതോടെയാണ് തേങ്ങയും കല്ലും ജനൽ ചില്ലകളിലേക്കടക്കം വലിച്ചെറിഞ്ഞത്.