മദ്യം വില്ലനായി സുഹൃത്തിനെ കൊലപ്പെടുത്തി,സഹോദരന്മാർ മുങ്ങി
കൊല്ലം:പുത്തൂർ പൊരീക്കലിൽ സഹോദരന്മാർ ചേർന്ന് യുവാവിനെ തല്ലിക്കൊന്നു.പാെരീക്കൽ ഇടവട്ടം ഗോകുലത്തിൽ പരേതനായ രഘുനാഥൻ പിള്ളയുടെയും വത്സല കുമാരിയുടെയും മകൻ ജി.ആർ.ഗോകുൽനാഥാണ് (35)കൊല്ലപ്പെട്ടത്.മാറനാട് ജയന്തി നഗർ അരുൺ ഭവനിൽ അരുൺ (28),അനുജൻ അഖിൽ (25)എന്നിവർ ഒളിവിലാണ്.തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.കൊല്ലപ്പെട്ട ഗോകുലിന്റെ സഹോദരൻ രാഹുലും അഖിലും തിങ്കളാഴ്ച വൈകിട്ട് ഒന്നിച്ച് മദ്യപിച്ചു.മദ്യലഹരിയിലായ രാഹുലിനെ അഖിൽ വീട്ടിലെത്തിച്ചപ്പോൾ ഗോകുലും അമ്മയും ശകാരിച്ചു.ഇത് കൈയാങ്കളിയിലേക്ക് കടന്നു.തിരിച്ചുപോയ അഖിൽ അരുണിനോട് വിവരം പറഞ്ഞു.തുടർന്ന് ഗോകുലിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.തടിക്കഷണം കൊണ്ടുള്ള അടിയിൽ വാരിയെല്ലിനും തലയ്ക്കും നെഞ്ചിലും ക്ഷതമേറ്റ ഗോകുൽ കനാൽ തീരത്തുകൂടി ഓടി ജോസ് എന്നയാളുടെ വീട്ടുമുറ്റത്തെത്തി ബോധരഹിതനായി വീഴുകയായിരുന്നു.പിന്നാലെ എത്തിയ അരുൺ ഓട്ടോറിക്ഷ വിളിച്ച് മറ്റൊരു യുവാവിനെയും കൂട്ടി ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മരണം സ്ഥിരീകരിച്ചതോടെ അരുൺ അതേ ഓട്ടോറിക്ഷയിൽ തിരികെ പോയി.തുടർന്ന് അനുജനോടൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.തലയ്ക്കേറ്റ ക്ഷതവും വാരിയെല്ല് തകർന്ന് ശ്വാസകോശത്തിൽ കയറിയതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.സംഭവത്തിൽ പ്രതികൾക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.പുത്തൂർ സി.ഐ ബാബുക്കുറുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.