പാകിസ്ഥാന്റെ ഭാവി ആർക്കും പറയാനാകില്ല: രാജ്‌നാഥ് സിംഗ്
Wednesday 08 October 2025 2:48 AM IST
ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറാനുള്ള കുതിപ്പ് നടത്തുമ്പോൾ,പാകിസ്ഥാന്റെ ഭാവി എന്താകുമെന്നും ആർക്കും പറയാനാകാത്ത സ്ഥിതിയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ദൈവത്തിന് മാത്രമേ ആ രാജ്യത്തെ കാത്തിരിക്കുന്ന ഭാവിയെപ്പറ്റി അറിയൂവെന്നും താൻ അതേക്കുറിച്ച് പറയുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ 'ആഫ്റ്റർ മീ, കയോസ്' (After Me, Chaos) എന്ന പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം,ഭാവിയിലെ യുദ്ധങ്ങൾക്കായി ഇന്ത്യ സ്വയം പര്യാപ്തമാകേണ്ടത് ആവശ്യമാണെന്ന് ഇന്നലെ രക്ഷാ നവചാർ സംവാദ് പരിപാടിയിൽ സംസാരിക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു.