അയ്യപ്പസംഗമം: പൊതുപണം ചെലവിട്ടതിൽ നടപടി തേടി ഹർജി
Wednesday 08 October 2025 2:51 AM IST
കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വംബോർഡ് പണം ചെലവഴിച്ചതിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എറണാകുളം സ്വദേശി എസ്.ജെ.ആർ കുമാറാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നേരത്തെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി ദേവസ്വം ഫണ്ടിൽനിന്ന് പണം ചെലവഴിച്ചുവെന്നാണ് ആക്ഷേപം. സംഭാവനയായും സ്പോൺസർഷിപ്പ് വഴിയും ആഗോള അയ്യപ്പസംഗമത്തിനായി പണം കണ്ടെത്തുമെന്നായിരുന്നു നേരത്തെ തിരുവിതാംകൂർ ദേവസ്വംബോർഡും സർക്കാരും കോടതിയിൽ വിശദീകരിച്ചത്. എന്നാൽ ദേവസ്വംബോർഡ് അക്കൗണ്ടിൽ നിന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിന് മൂന്നുകോടിരൂപ മുൻകൂറായി അനുവദിച്ച രേഖകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹർജി. കോടതിയിൽ തെറ്റായ സത്യവാങ്മൂലം നൽകിയതിന് നടപടിയെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.