ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനിയടക്കമുളള 14 പ്രതികളെ വെറുതെവിട്ട് കോടതി

Wednesday 08 October 2025 11:28 AM IST

കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ 14 പ്രതികളെ വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ആർഎംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി, മുഹമ്മദ് ഷാഫി ഉൾപ്പെടെയുളളവരെ വെറുതെ വിട്ടത്. രണ്ടു പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവരെ വെറുതെ വിട്ടത്.

പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്കായി അഭിഭാഷകരായ സികെ ശ്രീധരനും വിശ്വനുമാണ് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്താണ് കു​റ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

സിപിഎം പ്രവർത്തകരെ മർദ്ദിച്ചതിന് 2010 മേയ് 28ന് വിജിത്തിനെയും ഷിനോജിനെയും മാഹിയിൽ തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജിത്തിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. കേസിന്റെ വിചാരണയ്ക്ക് ജയിലിൽ നിന്നെത്തിയ കൊടി സുനി ഹോട്ടലിലെ പാർക്കിംഗ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. അതിനുശേഷം കൊടി സുനിയെ കേസിൽ ഓൺലൈനായാണ് ഹാജരായത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇയാളെ പിന്നീട് തവന്നൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.

കോടതി വെറുതെവിട്ട പ്രതികൾ

പള്ളൂർ കോയ്യോട് തെരുവിലെ ടി സുജിത്ത് (36), മീത്തലെച്ചാലിൽ എൻ കെ. സുനിൽകുമാർ (കൊടി സുനി 40), നാലുതറയിലെ ടി കെ. സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ കെ മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി പി ഷമിൽ (37), കവിയൂരിലെ എ കെ. ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ കെ അബ്ബാസ് (35), ചെമ്പ്രയിലെ രാഹുൽ (33), നാലുതറ കുന്നുമ്മൽ വീട്ടിൽ വിനീഷ് (44), നാലുതറ പടിഞ്ഞാറെ പാലുള്ളതിൽ പി വി വിജിത്ത് (40), പള്ളൂർ കിണറ്റിങ്കൽ കെ. ഷിനോജ് (36), ന്യൂമാഹി അഴീക്കൽ മീത്തലെ ഫൈസൽ (42), ഒളവിലം കാട്ടിൽ പുതിയ വീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി പി. സജീർ(38) എന്നിവരാണ് പ്രതികൾ. പത്താം പ്രതി സി കെ. രജികാന്ത്, 12-ാം പ്രതി മുഹമ്മദ് രജീസ് എന്നിവർ വിചാരണയ്ക്കിടെ മരിച്ചു.