കൊച്ചിയിലെത്തുന്ന മെസിയെ കാണാൻ 50 ലക്ഷം? വിവിഐപി പാക്കേജിന് ഒരു കോടി, ടിക്കറ്റ് വില 5000 മുതൽ

Wednesday 08 October 2025 3:22 PM IST

കൊച്ചി: സൂപ്പർ താരം ലയണൽ മെസി അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. 5000 രൂപ മുതൽ 50 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി രൂപ നൽകണമെന്നും സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവിഐപി ടിക്കറ്റുകൾ പരിമിത എണ്ണം മാത്രമാണ് വിതരണം ചെയ്യുകയെന്നാണ് സൂചന. എന്നാൽ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ സ്‌പോൺസർമാർ പുറത്തുവിട്ടിട്ടില്ല.

നവംബർ 10 മുതൽ 18 വരെയുള്ള തീയതികളിലാണ് മെസി അടങ്ങുന്ന അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിനെത്തുന്നത്. കേരളത്തിന് പുറമേ അംഗോളയിലും അർജന്റീന കളിക്കും. അതേസമയം മെസിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറിൽ അമേരിക്കയിലാണ് അർജന്റീന ടീം കളിക്കുന്നത്. മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്.