വയലിൽ പശുവിനെ കെട്ടുന്നതിനിടെ കടന്നലാക്രമണം; കർഷകൻ മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർക്ക് പരിക്ക്
Wednesday 08 October 2025 4:05 PM IST
കൊച്ചി: കടന്നൽ കുത്തേറ്റ് എഴുപതുകാരൻ മരിച്ചു. ആലുവയിൽ ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം. കീഴ്‌മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ ആണ് മരിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നലിന്റെ കുത്തേറ്റു.
ഇന്ന് രാവിലെ വീടിന് സമീപമുള്ള വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് ശിവദാസന് കടന്നലിന്റെ കുത്തേറ്റത്. ഏറെ പണിപെട്ടാണ് പ്രഭാതും സുഹൃത്തും ചേർന്ന് കുത്തേറ്റ് കിടന്ന ശിവദാസനെ സ്ഥലത്ത് നിന്നും മാറ്റിയത്. ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയിൻ കോട്ടും ഹെൽമറ്റും ധരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് വെള്ളം ചീറ്റിച്ചാണ് കടന്നലിനെ സ്ഥലത്ത് നിന്നും ഒഴിവാക്കിയത്. കർഷകനാണ് മരണപ്പെട്ട ശിവദാസൻ.