ഡോക്‌ടർക്ക് വെട്ടേറ്റ സംഭവം; സമരത്തിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ സർക്കാർ ഡോക്‌ടർമാർ

Wednesday 08 October 2025 4:31 PM IST

കോഴിക്കോട്: സമരത്തിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർമാർ. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്‌ടറെ വെട്ടിയ സംഭവത്തെത്തുടർന്നാണ് പ്രതിഷേധം. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും ഡോക്‌ടർമാർ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.

നിലവിൽ താമരശേരി ആശുപത്രിയിലെ എല്ലാ സേവനങ്ങളും നിർത്തിവച്ചു. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ വിപിനാണ് വെട്ടേറ്റത്. തലയ്‌ക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഡോക്‌ടറുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു സനൂപ്.

മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകൾ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് സനൂപ് ഡോക്ടറെ വെട്ടിയത്. 'എന്റെ മകളെ കൊന്നവൻ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്. സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് ആശുപത്രിയിലെത്തിയത്. ഈ സമയം സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല. രണ്ട് കുട്ടികളും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. വിപിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. വിപിനാണോ അനയയെ ചികിത്സിച്ചതെന്ന് വ്യക്തമല്ല. സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

പനി ബാധിച്ച അനയയുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം സനൂപ് എത്തിയത്. അവിടെവച്ചാണ് അസുഖം മൂർച്ഛിച്ചത്. കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു. ഇളയ കുട്ടിയ്‌ക്കും നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നു.