മീഡിയേഷൻ: തീർപ്പായത് കെട്ടിക്കിടന്ന 7,911കേസുകൾ
കൊച്ചി: കക്ഷികൾ പരസ്പര വിട്ടുവീഴ്ചയോടെ മദ്ധ്യസ്ഥർക്ക് മുമ്പിൽ മനസ് തുറന്നപ്പോൾ സംസ്ഥാനത്തെ കോടതികളിൽ കെട്ടിക്കിടന്ന 7,911 കേസുകൾ തീർപ്പായി. ഇതിൽ 1516 എണ്ണം ദാമ്പത്യതർക്കങ്ങളാണ്. 2056 സിവിൽകേസുകളും 1748 വാഹനാപകട കേസുകളും പരിഹരിക്കപ്പെട്ടു.
സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റിയും (എം.സി.പി.സി), നാഷണൽ ലീഗൽ സർവീസസ് അതോറിട്ടിയും സംയുക്തമായി രാജ്യത്തെ കോടതികളിൽ ജൂലായ് 1മുതൽ സെപ്തംബർ 30 വരെ നടത്തിയ 'മീഡിയേഷൻ ഫോർ ദ നേഷൻ" ക്യാമ്പയിനിന്റെ ഭാഗമായാണ് ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും വ്യവഹാരത്തിലിരുന്ന കേസുകൾ തീർപ്പാക്കിയത്.
വിവിധ കോടതികളിൽ നിന്ന് 26,549 കേസുകൾ മീഡിയേഷന് വിട്ടു. ആഴ്ചയിൽ 7ദിവസവും മിഡിയേഷൻ സെന്ററുകൾ പ്രവർത്തിച്ചു. ഓൺലൈനായി ഹാജരാകാനും അവസരം നൽകി.
മീഡിയേഷനിൽ തീർന്നാൽ അപ്പീൽ ഇല്ല
മദ്ധ്യസ്ഥന്റെ മേൽനോട്ടത്തിൽ നേരിട്ട് ചർച്ച നടത്തി അവകാശവാദങ്ങളിൽ പരസ്പരം വിട്ടുവീഴ്ചചെയ്ത് രമ്യമായി തർക്കം പരിഹരിക്കാവുന്ന പ്രക്രിയയാണ് മീഡിയേഷൻ. കക്ഷികളുമായി മീഡിയേറ്റർ സംയുക്തമായോ വെവ്വേറെയോ കൂടിക്കാഴ്ച നടത്തും. മീഡിയേഷനിൽ തീർപ്പാക്കുന്ന കേസുകൾക്ക് പിന്നീട് ഒരു കോടതിയിലും അപ്പീൽ അനുവദിക്കില്ല.
കെ.എസ്.എം.സി.സി
ഹൈക്കോടതിയോടനുബന്ധിച്ച് കേരള സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്റർ (കെ.എസ്.എം.സി.സി) പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള തർക്കങ്ങളിൽ കക്ഷികളുടെ അഭിപ്രായം തേടിയശേഷം എപ്പോൾ വേണമെങ്കിലും മീഡിയേഷന് വിടാൻ കോടതികൾക്ക് അധികാരമുണ്ട്.
ക്യാമ്പയിനിൽ തീർപ്പാക്കിയ കേസുകൾ
വൈവാഹിക തർക്കം...........1516
അപകട ക്ലെയിം ....................1748
ഗാർഹിക അതിക്രമം..............122
ചെക്ക് തർക്കം........................1052
വാണിജ്യ തർക്കം........................66
ക്രിമിനൽ കേസുകൾ..............1148
ഉപഭോക്തൃ തർക്കം ....................34
കടം വീണ്ടെടുക്കൽ.......................76
ഒഴിപ്പിക്കൽ കേസുകൾ................71
ഭൂമി ഏറ്റെടുക്കൽ........................ 22
മറ്റ് സിവിൽ കേസുകൾ.............2056
78 സെന്ററുകൾ
ഹൈക്കോടതി...........1
ജില്ലാതലം.........14
അഡിഷണൽ ജില്ലാകേന്ദ്രങ്ങൾ...2
( മാവേലിക്കര, വടക്കൻ പറവൂർ )
ഉപകേന്ദ്രങ്ങൾ......61
കെ.എസ്.എം.സി.സിയിൽ പരിശീലനം സിദ്ധിച്ച മദ്ധ്യസ്ഥർ
സീനിയർ അഭിഭാഷകർ........700
മുൻ ജില്ലാ ജഡ്ജിമാർ.................17
ഭരണസമിതിയിൽ ഹൈക്കോടതി ജഡ്ജിമാർ...4