പി.എസ്.സി കനിയണം, പ്രായപരിധി ഉയർത്തണം

Thursday 09 October 2025 12:56 AM IST

തൃപ്പൂണിത്തുറ: സംസ്ഥാന സ‌ർക്കാർ സർവീസിൽ പെൻഷൻ പ്രായത്തിന് ആനുപാതികമായി എൻട്രി കേഡറിലെ ഉയ‌ർന്ന പ്രായപരിധിയിൽ ഇളവ് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളുടെ നിവേദനം. നിലവിൽ കെ.പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പൊതുവിഭാഗത്തിന്റെ ഉയർന്ന പ്രായപരിധി 36 വയസാണ്. പെൻഷൻ പ്രായം 56 ആയിരുന്നപ്പോഴാണ് എൻട്രി കേഡറിലേക്കുള്ള യോഗ്യത പരീക്ഷയ്ക്ക് ഉയർന്ന പ്രായപരിധി 36 വയസ് ആയി നിശ്ചയിച്ചത്.

2013ലെ നാഷണൽ പെൻഷൻ സ്കീമിന്റെ ഭാഗമായി സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം നിയമിതരാകുന്ന ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തിയപ്പോഴും പി.എസ്.സി ഉയർന്ന പ്രായപരിധിയിൽ മാറ്റം വരുത്തിയില്ല. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും പി.എസ്.സി അപേക്ഷ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസും അതിനു മുകളിലുമാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർത്ഥികൾ സോഷ്യൽ മീഡിയാ കൂട്ടായ്മ രൂപീകരിച്ച് മന്ത്രിമാർ, യുവജനകമ്മിഷൻ ചെയർമാൻ, വിവിധ രാഷ്ട്രിയ കക്ഷിനേതാക്കൾ, പി. എസ്.സി. ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയത്. ഇതിൽ നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.

''നിലവിലെ ഉയർന്ന പ്രായപരിധി 36 ൽ നിന്ന് 40 ആക്കുക. സംവരണ വിഭാഗത്തിന് നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ നൽകുക. എല്ലാ വിഭാഗങ്ങളിലെയും വിധവകൾക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 50വയസ് ആയി ഉയർത്തുക എന്നതാണ് കൂട്ടായ്മയുടെ ആവശ്യം

എ.എസ്. ശ്രീകുമാർ

ഉദ്യോഗാർത്ഥി

 ഇതര സംസ്ഥാനങ്ങളിലെ പ്രായപരിധി

തെലുങ്കാന : 46

ഗോവ : 45

ആന്ധ്രാപ്രദേശ് : 42

ഒഡീഷ : 42

ഹരിയാന : 42

ഛത്തീസ്ഗഡ് : 40

മധ്യപ്രദേശ് : 40