റോഡ് പണിയെ ചൊല്ലി തർക്കം: പണി പൂർത്തീകരിച്ച് നാട്ടുകാർ
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ തോപ്പിൽ എസ്.എൻ ജംഗ്ഷനു സമീപം തോപ്പിൽപുത്തലത്ത് റോഡ് നിർമ്മാണത്തിനിടെ കൗൺസിലർമാർ തമ്മിൽ തർക്കം. കരാറുകാരൻ നിറുത്തിപ്പോയ റോഡിന്റെ പണി നാട്ടുകാർ ഏറ്റെടുത്ത് പൂർത്തിയാക്കി.
തൃക്കാക്കര നഗരസഭയിലെ 34-ാം ഡിവിഷനും (ദേശീയകവല) 41-ാം ഡിവിഷനും (തോപ്പിൽ സൗത്ത്) അതിർത്തി പങ്കുവയ്ക്കുന്ന റോഡിന്റെ ഒരു ഭാഗം മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു.റോഡിൽ ഇന്റലോക്ക് കട്ടകൾ വിരിക്കുവാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചപ്പോഴാണ് രണ്ടു ഡിവിഷനുകളിലെയും കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.
ദേശീയ കവല ഡിവിഷനിലെ സ്വതന്ത്ര കൗൺസിലറായ ഓമന സാബുവിന്റെ നേതൃത്വത്തിൽ തകർന്ന റോഡ് ഇന്റലോക് കട്ടകൾ വിരിക്കാൻ തുടങ്ങിയപ്പോളാണ് തോപ്പിൽ സൗത്തിലെ എൽ.ഡി.എഫ് കൗൺസിലറായ ലിയ തങ്കച്ചൻ തർക്കം ഉന്നയിച്ചു. തുടർന്ന് കരാറുകാരൻ റോഡ് പണി നിറുത്തിവയ്ക്കുകയായിരുന്നു.
റോഡിന്റെ അതിർത്തി തർക്കം പറഞ്ഞുകൊണ്ട് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡ് നവീകരണം തുടങ്ങിയത്. കൗൺസിലർമാർ തമ്മിലുള്ള തർക്കം രൂക്ഷമായപ്പോഴാണ് നാട്ടുകാർ ഇടപെട്ടത്.
ഡിവിഷനിൽ ടെൻഡർ വിളിച്ച് രണ്ട് ലക്ഷം രൂപ പാസാക്കിയ റോഡിലാണ് യാതൊരു അറിയിപ്പുമില്ലാതെ ഇന്റലോക് കട്ടകൾ വിരിച്ചത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഓമന സാബു ശ്രമിച്ചത്.
ലിയ തങ്കച്ചൻ
എൽ.ഡി.എഫ് കൗൺസിലർ.
2023 ൽ റോഡിനായി 22 ലക്ഷം രൂപയാണ് അനുവദിച്ചതാണ്.റോഡിന്റെ കുറച്ച് ഭാഗം മാസങ്ങളായി പൊട്ടിപൊളിഞ്ഞ് കിടക്കുകയായിരുന്നു. റോഡ് നവീകരണത്തിന്റെ തുടർച്ചയായി ടെൻഡർ വിളിച്ചുള്ള പണിയാണ് ലിയ തങ്കച്ചൻ കരാറുകാരനെ ഭീഷണിപ്പെടുത്തി നിറുത്തിവപ്പിച്ചത്.
ഓമന സാബു
സ്വതന്ത്ര കൗൺസിലർ