സ്വർണം മടങ്ങി വരുന്നു കരുത്ത് കാട്ടാൻ ഇന്ത്യ

Thursday 09 October 2025 2:01 AM IST

യുദ്ധാനന്തര ധനകാര്യ രംഗം തകർച്ചയിലേക്ക് നീങ്ങുമ്പോൾ ലോകത്തിലെ പ്രധാന ശക്തിയായി വീണ്ടും സ്വർണം തിരിച്ചെത്തുകയാണ്. സ്വർണ സമൃദ്ധിയും ഉപഭോക്തൃ ആസക്തിയും ഒരുപോലെയുള്ളതിനാൽ പുതിയ സാഹചര്യം ഇന്ത്യയ്‌ക്ക് നിർണായകമാണ്. 1944-ൽ ഒപ്പുവെച്ച ബ്രെറ്റൺ വുഡ്സ് ഉടമ്പടിയാണ് ലോക സമ്പദ്‌വ്യവസ്ഥയെ യു.എസ് ഡോളറെന്ന ഏക ആധാരത്തിലേക്ക് ബന്ധിപ്പിച്ചത്. ഓരോ ട്രോയ് ഔൺസിനും (31.1ഗ്രാം) 35 ഡോളർ നിരക്കിൽ സ്വർണമായി മാറാവുന്ന കറൻസിയായി ഡോളറിനെ ഇതിലൂടെ നിശ്ചയിച്ചു. ഒരു തലമുറയ്ക്ക് സ്വർണം തന്നെയായിരുന്നു പണം. അതിനാൽ അമേരിക്കയിലെ ഫോർട്ട് നോക്‌സ് സ്വർണ അറകൾ സാമ്പത്തിക വിശ്വാസത്തിന്റെ പ്രതീകമായി. എന്നാൽ 1971 ആഗസ്റ്റിൽ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ഡോളറിന്റെ സ്വർണ രൂപാന്തരണം ഏകപക്ഷീയമായി നിർത്തിവെച്ച 'നിക്സൺ ഷോക്കോ'ടെ ആ വിശ്വാസം തകർന്നു. ഇതോടെ ലോകം സ്വർണത്തിന്റെ ബന്ധനത്തിൽ നിന്ന് അകന്നു. തൊട്ടുപിന്നാലെയുണ്ടായ ഭൗമരാഷ്ട്രീയ നീക്കമാണ് വിപ്ളവകരമായ മാറ്റം സൃഷ്‌ടിച്ചത്. സ്വർണത്തിന് പകരം എണ്ണ കൊണ്ട് ഡോളറിനെ പിന്തുണയ്ക്കാനുള്ള ഹെൻറി കിസിഞ്ജറിന്റെ പദ്ധതി പുതിയ പെട്രോ ഡോളർ സമ്പ്രദായത്തിന് തുടക്കമിട്ടു. ഇതിനായി സൗദി അറേബ്യയും ഒപ്പെക്ക് രാജ്യങ്ങളുമായി ധാരണയായി. ലോകമെമ്പാടുമുള്ള എണ്ണ വ്യാപാരം ഡോളറിലേക്ക് മാറിയതോടെ ആഗോള തലത്തിൽ യു.എസ്.ഡിക്ക് ഡിമാൻഡേറി. ഇതോടെ ഇന്ധനത്തിന്റെയും സൈനികശേഷിയുടെയും കരുത്തിലുള്ള ഡോളർ സാമ്രാജ്യം ഉടലെടുത്തു. ഇന്നിപ്പോൾ അര നൂറ്റാണ്ടിന് ശേഷം ഡോളർ അപ്രമാധിത്യ കാലത്തിന് വിള്ളൽ വീഴുകയാണ്.

വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ

ഉപരോധങ്ങളുടെയും യുദ്ധങ്ങളുടെയും കുതിച്ചുയരുന്ന കട ബാദ്ധ്യതകളുടെയും പശ്ചാത്തലത്തിൽ ലോക രാജ്യങ്ങൾ വീണ്ടും സ്വർണത്തിന്റെ സുരക്ഷിതത്വം തിരിച്ചറിയുകയാണ്. 1960കളിലെ പോലെ ഇപ്പോൾ കേന്ദ്ര ബാങ്കുകൾ വീണ്ടും സ്വർണം വൻ തോതിൽ വാങ്ങികൂട്ടുന്നു.

ചൈന, റഷ്യ, തുർക്കി എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലെ റിസർവ് ബാങ്കും സ്വർണശേഖരം തുടർച്ചയായി വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം റിസർവ് ബാങ്ക് 72 ടൺ സ്വർണമാണ് വാങ്ങിയത്. പേപ്പർ കറൻസിയോടുള്ള വിശ്വാസം കുറഞ്ഞതോടെ അധികാരം വീണ്ടും ലോഹത്തിലേക്ക് എത്തുന്നതാണ് കാരണം. ലോകത്തിലെ കേന്ദ്ര ബാങ്കുകളുടെ വിദേശ നാണയ ശേഖരത്തിൽ ഡോളറിന്റെ വിഹിതം 1999ൽ 71 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴിത് 59 ശതമാനത്തിലും താഴെയാണ്. വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി രാജ്യങ്ങൾ ഡോളർ ആസ്തികൾ വിറ്റൊഴിയുന്നതാണ് കാരണം.

ഗ്ലോബൽ സൗത്തിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ബ്രിക്‌സ് രാജ്യങ്ങളും അവരുടെ പങ്കാളികളും സ്വർണം ഉൾപ്പെടെയുള്ള കമ്പോള ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള സെറ്റിൽമെന്റ് സംവിധാനത്തിന്റെ പരീക്ഷണങ്ങൾ നടത്തുകയാണ്. ഇതിലൂടെ ലോകം പെട്രോഡോളർ അനന്തര യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തം.

(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും രഞ്ജിത്ത് കാർത്തികേയൻ അസോസിയേറ്റ്‌സിന്റെ സ്ഥാപക പാർട്ട്‌ണറുമാണ് ലേഖകൻ)