പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്, നിർണായക കൂടിക്കാഴ്ച വെള്ളിയാഴ്ച
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും, ആഭ്യന്തര മന്ത്രി അമിത് ഷായെയും മുഖ്യമന്ത്രി കാണും. നാളെയാണ് അമിത് ഷായുമായുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്. വയനാടിനുള്ള കേന്ദ്ര സഹായം വർദ്ധിപ്പിക്കൽ, എയിംസ്, ജി.എസ്.ടി പരിഷ്കാരം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ നിലപാട് ഇരുവരെയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് വിവരം. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ജയതിലക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാടിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രം ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും. വയനാടിനായി 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ നിന്ന് അനുവദിച്ചത്.