സാങ്കേതിക, ഡിജിറ്റൽ വി.സി :69അപേക്ഷകർ

Thursday 09 October 2025 12:17 AM IST

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിനുള്ള അഭിമുഖം തിരുവനന്തപുരത്ത് ഹോട്ടലിൽ ആരംഭിച്ചു. സുപ്രീംകോടതി നിയോഗിച്ച, റിട്ട.ജഡ്ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച്കമ്മിറ്റിയാണ് അഭിമുഖം നടത്തുന്നത്. സാങ്കേതിക സർവകലാശാലയിലേക്ക് 39, ഡിജിറ്റൽ സർവകലാശാലയിലേക്ക് 30 പേരാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. സാങ്കേതിക സർവകലാശാല വിസി അഭിമുഖമാണ് ഇന്നലെ തുടങ്ങിയത്. ഇന്നും തുടരും. ഡിജിറ്റൽ സർവകലാശാലയിലെ നിയമനത്തിനുള്ള അഭിമുഖം വെള്ളി, ശനി ദിവസങ്ങളിലാണ്.

വി.സി നിയമനത്തിന് സെർച്ച്കമ്മിറ്റി പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറും. അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർ.വി.ആർലേക്കർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. യു.ജി.സി പ്രതിനിധിയില്ലാത്ത സെർച്ച്കമ്മിറ്റി നിയമപരമല്ലെന്നും ഇത്തരം നിയമനങ്ങൾ ഭാവിയിൽ ചോദ്യംചെയ്യപ്പെടാനിടയുണ്ടെന്നും ഗവർണർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.