പണം തട്ടിയെടുത്ത കേസിൽ പിടിയിൽ
അടൂർ: ബൈക്കിൽപ്പോയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റിന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. അടൂർ വടക്കടത്തുകാവ് മുരുകൻകുന്ന് മുല്ലവേലിൽ പടിഞ്ഞാറ്റേതിൽ എ.സൂരജ് (പക്രു25) ആണ് പിടിയിലായത്. സൂരജിന്റെ നിർദ്ദേശപ്രകാരം സ്കൂട്ടറിൽ കളക്ഷൻ ഏജന്റിനെ പിന്തുടർന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടാഴ്ച മുമ്പ് അടൂർ മുണ്ടപ്പള്ളി പാറക്കൂട്ടം കാർത്തിക നിവാസിൽ എസ്.ജെ.ആലേഖ് (സൂര്യ 20),അടൂർ പന്നിവിഴ കൃഷ്ണവിലാസം വീട്ടിൽ വരുൺ കൃഷ്ണൻ(ഉണ്ണി 26 )എന്നിവരെ അറസ്റ്രുചെയ്തിരുന്നു. ഇവർ ജയിലിലാണ്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂരജാണ് പ്രധാന സൂത്രധാരൻ എന്ന് പൊലീസ് മനസിലാക്കുന്നത്. ഏനാത്ത് സ്വദേശി ശ്രീദേവ്(ഹരീഷ്) ന്റെ 1.9 ലക്ഷം രൂപ അടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. സെപ്തംബർ 12 ന് അടൂർ പെരിങ്ങനാട് ചെറുപുഞ്ച ഭാഗത്താണ് സംഭവം. അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ സുനിൽ കുമാർ, ജയ്മോൻ,സിപിഒമാരായ രാഹുൽ ജയപ്രകാശ്,പി.എസ്.രാഹുൽ,വിജയ് ജി. കൃഷ്ണൻ,എം.നിഥിൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.