കടുവ കൊന്ന കൊച്ചുമോൻ കാടറിഞ്ഞ ധൈര്യശാലി

Wednesday 08 October 2025 12:21 AM IST

@ വനംവകുപ്പ് 13ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

പത്തനംതിട്ട: ഗവി കൊച്ചുപമ്പയ്ക്ക് സമീപം ഉൾവനത്തിൽ കടുവ കടിച്ചു കൊന്ന വനംവകുപ്പ് താത്കാലിക വാച്ചർ അനിൽകുമാർ ( കൊച്ചുമോൻ 28) അസാധാരണ ധൈര്യശാലിയായിരുന്നെന്ന് വനംവകുപ്പ്. വനത്തിൽ കുന്തിരിക്കം ശേഖരിക്കാൻ പതിവായി പോകുമായിരുന്ന അനിൽകുമാർ പലതവണ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ മുന്നിൽപെട്ടിട്ടുണ്ട്. വലിയ വണ്ണമുള്ള മരത്തിൽ ഇരുപത് അടിക്ക് മുകളിൽ വരെ വേഗത്തിൽ കയറിയിട്ടുണ്ട്. കാട്ടിലേക്ക് പോകുന്ന വഴികളിൽ ഏതെങ്കിലും ജീവികൾ വന്നാൽ തിരിച്ചറിഞ്ഞ് മുൻ കരുതലെടുക്കുന്നയാളാണ് അനിൽകുമാർ. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തിയിരുന്നുവെന്ന് വനപാലകർ പറഞ്ഞു. വനത്തിനുള്ളിൽ വനപാലകർക്ക് വഴികാട്ടിയായിരുന്നു. ഏതു പ്രതിസന്ധിയെയും ധൈര്യപൂർവം നേരിട്ടിരുന്ന അനിലിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് വാച്ചറായി നിയമനം നൽകിയത്. ജോലിക്ക് കയറുന്നതിന് ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ തരപ്പെടുത്തിക്കൊടുത്തത് പമ്പ റേഞ്ച് ഒാഫീസറാണ്. മൂന്ന് വർഷമായി താത്കാലിക വാച്ചറാണ് . ഇയാളുടെ ഒരു സഹോദരനും അടുത്തിടെ ജോലി നൽകിയിരുന്നു.

മൃതദേഹ അവശിഷ്ടങ്ങൾ ഇന്നലെ വൈകിട്ട് നാല് മണിയോടെ മഞ്ഞത്തോട് ആദിവാസി കോളനിയിൽ ഭാര്യയുടെ വീടിന് സമീപം സംസ്കരിച്ചു. കാലും തലയുടെ ഭാഗവും മാത്രമായിരുന്നതിനാൽ പൊതിഞ്ഞ നിലയിലാണ് ബന്ധുക്കളെ കാണിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വനപാലകർക്കുമെല്ലാം പ്രിയങ്കരനായിരുന്നു അനിൽകുമാർ. കുടുംബാംഗങ്ങളുടെയും ഗവി നിവാസികളുടെയും പ്രശ്നങ്ങൾ അധികൃതരുടെ മുന്നിലെത്തിച്ച് പരിഹാരം കാണുമായിരുന്നു.അനിൽകുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി വനംവകുപ്പ് 13ലക്ഷം രൂപ നൽകും. സംസ്കാര ചടങ്ങിന്റെ ചെലവിനായി ഇന്നലെ റേഞ്ച് ഒാഫീസർ മുകേഷ് പതിനായിരം രൂപ ബന്ധുക്കൾക്ക് കൈമാറി.

പതുങ്ങിയിരുന്ന കടുവ

കഴുത്തിന് പിന്നിൽ കടിച്ചു

കഴിഞ്ഞ ദിവസം കൊച്ചുപമ്പയിൽ നിന്ന് സ്ഥിരം വഴിയിലൂടെയാണ് അനിൽകുമാർ പോയത്. ഇതിനിടെ, വിശ്രമിക്കാനിരുന്നപ്പോൾ പിന്നിൽ പതുങ്ങിയിരുന്ന കടുവ ചാടി കഴുത്തിന് പിന്നിൽ കടിച്ചതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. വൻ കൊക്കയിലാണ് അനിൽകുമാറിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു ദിവസത്തെ പഴക്കമാണുള്ളതെന്ന് പമ്പ റേഞ്ച് ഒാഫീസർ മുകേഷ് പറഞ്ഞു. കാലും തലയുടെ ഭാഗങ്ങളും വസ്ത്രങ്ങളും വാക്കത്തിയും കണ്ടാണ് മൃതദേഹം അനിൽകുമാറിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. തല അഴുകിയ നിലയിലായിരുന്നു.