വീണ്ടും ഞെട്ടിക്കും ആക്രമണം,​ ആശുപത്രിയിൽ കയറി ഡോക്ടറെ തലയ്ക്ക് വെട്ടി

Thursday 09 October 2025 12:23 AM IST

കോഴിക്കോട്: ആതുരസേവന മേഖലെയെ വീണ്ടും കടുത്ത ആശങ്കയിലും ഭീതിയിലുമാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം.കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും അസി. സർജനുമായ ഡോ.പി.ടി. വിപിന് (35) തലയ്ക്ക് മാരക വെട്ടേറ്റു.

മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപതു വയസുള്ള തന്റെ മകൾ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിൽ പിതാവ് ആക്രമിക്കുകയായിരുന്നു.

താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ വീട്ടിൽ സനൂപാണ് (സുനൂപ് -40) ആക്രമിച്ചത്. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്. വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ടലുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാലു തുന്നലിട്ടു. മുറിവിന് ഏഴു സെന്റീ മീറ്റർ ആഴമുണ്ട്.ആരോഗ്യനില തൃപ്തികരമാണ്.

ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ജില്ലയിലെ മറ്റ് ഗവ. ആശുപത്രികളിലും ഡോക്ടർമാരും ജീവനക്കാരും പണിമുടക്കി. കാഷ്വാലിറ്റി സേവനങ്ങളൊഴികെയുള്ളവ നിറുത്തിവച്ചു. സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച കൊടുവാളുമായി വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗിൽ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു ഡോ.വിപിൻ. സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടർതന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി കീഴടക്കി. തലശേരി സ്വദേശിയായ ഡോക്ടർ കോഴിക്കോടാണ് താമസം.

സൂപ്രണ്ടെന്ന് തെറ്റിദ്ധരിച്ച് ആക്രമണം

 രാവിലെ പതിനൊന്നരയോടെ സനൂപ് ആശുപത്രിയിലെത്തിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഡോ.ഗോപാലകൃഷ്ണനെ കാണാനെന്നു പറഞ്ഞ് ഓഫീസ് മുറിയിലെത്തി കാത്തിരുന്നു

 അവിടേക്ക് ഡോ.വിപിൻ കടന്നുവന്നപ്പോൾ സൂപ്രണ്ടാണെന്ന ധാരണയിൽ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസവും ആശുപത്രിയിൽ എത്തിയിരുന്നു

 ആശുപത്രിയിൽ സനൂപിന്റെ ഭാര്യ റംബീസയും മറ്റു രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിന് മുമ്പ് അവർ അവിടെ നിന്ന് പോയി

 താമരശ്ശേരി ഡി.വെെ.എസ്.പി പി. ചന്ദ്രമോഹന്റെ നിർദ്ദേശപ്രകാരം പൊലീസ് പാഞ്ഞെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.വധശ്രമത്തിന് കേസെടുത്തു

 തൃശൂർ സ്വദേശിയാണ് സനൂപ്. രണ്ട് പതിറ്റാണ്ട് മുമ്പാണ് താമരശ്ശേരിയിലെത്തിയത്. ബാർബറായിരുന്നു. പച്ചക്കറി കച്ചവടവുമുണ്ടായിരുന്നു. കൂലിപ്പണിക്കും പോകും

രോഗം തിരിച്ചറിഞ്ഞില്ലെന്ന്

ഒമ്പതു വയസുകാരി അനയ ആഗസ്റ്റ് 14നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഗുരുതരാവസ്ഥയെപ്പറ്റി യഥാസമയം അറിയിച്ചില്ലെന്നും അവസാന നിമിഷം കെെയൊഴിഞ്ഞെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. ഇത് ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.