സ്കൂൾ ബസ് മറിഞ്ഞു, ആർക്കും പരിക്കില്ല

Thursday 09 October 2025 12:05 AM IST

അഞ്ചൽ: അഞ്ചൽ ഇടമുളയ്ക്കൽ അസുരമംഗലത്ത് സ്കൂൾ ബസ് മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല. അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂളിന്റെ ബസാണ് ഇന്നലെ രാവിലെ എട്ടരയോടെ അപകടത്തിൽ പെട്ടത്. ബസിൽ ഇരുപത്തഞ്ചോളം കുട്ടികൾ ഉണ്ടായിരുന്നു. റോഡ് സൈഡിൽ റബർ മരങ്ങളുടെ കുറ്റികൾ കിടന്നിരുന്നു. ഇത് കാട് കയറി മൂടിയിരുന്നതിനാൽ ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ സ്കൂൾ ബസ് ഇതിൽ കയറി അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റോഡിലെ റബർ കുറ്റികളും കാടും നീക്കം ചെയ്യണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അഞ്ചൽ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.