* കൂടൽമാണി​ക്യം ദേവപ്രശ്നം * ഭഗവാന് സന്തോഷം; കഴകത്തെ ചൊല്ലി തർക്കവും ബഹളവും

Thursday 09 October 2025 3:20 AM IST

കൊച്ചി​: ഇരി​ങ്ങാലക്കുട കൂടൽമാണി​ക്യം ക്ഷേത്രത്തി​ൽ ഇന്നലെ തുടങ്ങി​യ അഷ്ടമംഗല ദേവപ്രശ്നത്തി​ൽ കഴകം നി​യമത്തെ ചൊല്ലി​ വാക്കുതർക്കവും ബഹളവും. പ്രശ്നത്തി​ന്റെ മൂന്നാം ഭാഗത്ത് പരി​ചാരകരെ സൂചി​പ്പി​ക്കുന്ന ഭാഗത്ത് പോരായ്മകളുണ്ടെന്ന് ആചാര്യന്മാർ പറഞ്ഞപ്പോൾ അത് കഴകം നി​യമനത്തെ തുടർന്നാണോയെന്ന, ചടങ്ങ് വീക്ഷി​ക്കാനെത്തി​യ കാവനാട് കൃഷ്ണൻ നമ്പൂതി​രി​യുടെ ചോദ്യമാണ് തർക്കത്തി​ലേക്ക് നയി​ച്ചത്. എന്നാൽ, അക്കാര്യം ഭഗവാൻ നോക്കുമെന്നും ക്ഷേത്രാധി​കാരി​യുടെ ശാസനയ്‌ക്കാണ് പ്രാധാന്യമെന്നും ആചാര്യന്മാരി​ലൊരാളായ കൂറ്റനാട് രാവുണ്ണി​ പണി​ക്കർ പറഞ്ഞു. നഗരമണ്ണ് മനക്കാരെ തന്ത്രി​മാരാക്കി​യതി​ന്റെ ചരി​ത്രവും വി​ശദീകരി​ക്കപ്പെട്ടു. എങ്കി​ലും തർക്കങ്ങൾ 15 മി​നി​റ്റ് നീണ്ടു.

കഴകംപ്രവൃത്തി​ പാരമ്പര്യേതരക്കാർ ചെയ്യുന്നതി​ൽ വി​ഷമമുണ്ടെങ്കി​ലും നി​ലവി​ൽ ഭഗവാൻ സന്തോഷവാനാണെന്നാണ് പ്രശ്നത്തി​ൽ കണ്ടെത്തി​യത്. കേസുകൾ ഉത്ഭവി​ക്കുന്നതി​ൽ ദേവന് ദു:ഖമുണ്ടെന്ന പരാമർശവുമുണ്ടായി​. തങ്ങളല്ല അതി​നുകാരണമെന്നും മറ്റുള്ളവർ കേസുമായി​ വരുമ്പോൾ ദേവസ്വം കക്ഷി​ ചേരുകയാണെന്നും, കേസുകൾ തുടങ്ങി​ വച്ചവർ അവസാനി​പ്പി​ക്കണമെന്നും ദേവസ്വം ചെയർമാൻ അഡ്വ.സി​.കെ. ഗോപി​ വി​ശദീകരി​ച്ചു.

ക്ഷേത്രത്തിലെ നിവേദ്യത്തിനും അഭിഷേകത്തിനും മറ്റും ഉപയോഗിക്കുന്ന കുലീപനി തീർത്ഥക്കുളം മലിനമാണെന്നും പ്രശ്നത്തിൽ തെളിഞ്ഞു. തന്ത്രിമാരും മേൽശാന്തിമാരും കുളിക്കുന്ന കുളമാണിത്. കുളത്തിലെ മണിക്കിണർ ശുദ്ധിയായി സൂക്ഷിച്ച് വെള്ളമെടുക്കണമെന്ന പരാമർശവുമുണ്ടായി.

പുതിയ കഴകക്കാരൻ ഈഴവസമുദായാംഗം കെ.എസ്. അനുരാഗ് തീർത്ഥകുളത്തിലിറങ്ങിയും തിടപ്പള്ളിയിൽ കയറിയും അശുദ്ധി ഉണ്ടാകാതിരിക്കാൻ ഇപ്പോൾ ചുറ്റമ്പലത്തിനകത്തേക്ക് പ്രത്യേക പൈപ്പിട്ട് മോട്ടോർവച്ചാണ് കഴകം ഉപയോഗത്തിനായി വെള്ളം എത്തിക്കുന്നത്.

തന്ത്രി​മാർ ബഹി​ഷ്കരണം തുടരുന്നു

12 വർഷത്തി​ലൊരി​ക്കൽ നടക്കുന്ന അഷ്ടമംഗലപ്രശ്നം ഇന്നലെ അഞ്ചു തന്ത്രി​ കുടുംബങ്ങളും ബഹി​ഷ്കരി​ച്ചു. ദേവസ്വം ഭരണസമിതിയിലെ തന്ത്രി പ്രതിനിധിയായ നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാടും മറ്റൊരു കുടുംബാംഗമായ ചെമ്പാപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാടും എത്തിയിരുന്നെങ്കിലും സഹകരിച്ചില്ല. തന്ത്രിസമരം തുടങ്ങിയ ശേഷം ചടങ്ങുകൾക്കെത്തുന്ന പടിഞ്ഞാറേമനയിലെ അനുപ്രകാശാണ് ഇന്നലെ പ്രശ്നത്തിന് തന്ത്രി ചെയ്യേണ്ട പ്രധാന ചടങ്ങായ രാശിപൂജ നിർവഹിച്ചത്. ദേവസ്വം ഭരണസമിതിയംഗങ്ങളെല്ലാം ചടങ്ങിനെത്തി.