താമരശ്ശേരി അക്രമം: സർക്കാർ ഡോക്ടർമാർ ഇന്ന് പ്രതിഷേധിക്കും

Thursday 09 October 2025 12:59 AM IST

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധിക്കും. രോഗീപരിചരണം ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് വിട്ടു നിൽക്കും. കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗങ്ങൾ മാത്രം പ്രവർത്തിക്കും. ഇന്നലെ കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ ഉച്ചയ്ക്കുശേഷം ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തി. അത്യാഹിത വിഭാഗങ്ങൾ ഒഴികെയുള്ള സേവനങ്ങൾ തടസപ്പെട്ടു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത സേവനങ്ങൾ അടക്കമുള്ള എല്ലാ സേവനങ്ങളും നിറുത്തിയായിരുന്നു സമരം.

കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ നടക്കും. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുണ്ടായില്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിറുത്തിവെച്ചുള്ള വ്യാപകമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് പ്രസിഡന്റ് ഡോ. സുനിൽ.പി.കെയും ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി.ജോസഫും അറിയിച്ചു.

കെ.ജി.എം.ഒ.എയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും രംഗത്തെത്തി. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് യഥാസമയം ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഇത്തരം ആക്രമണങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്നും ഇത് സമീപഭാവിയിൽ സർക്കാർ ആശുപത്രികളുടെ തകർച്ചയിലേക്ക് നയിക്കുമെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം.ടിയും ജനറൽ സെക്രട്ടറി ഡോ. അരവിന്ദ്.സി.എസും അറിയിച്ചു.

ഐ.എം.എയും സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ യോഗങ്ങൾ നടത്തും. ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കുന്ന പ്രവണത വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ഇനിയും അലംഭാവം കാട്ടിയാൽ കടുത്ത സമരത്തിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസനും സെക്രട്ടറി ഡോ. കെ.ശശിധരനും അറിയിച്ചു.