വിചാരണ പകുതി പിന്നിട്ട് ഡോ. വന്ദന വധക്കേസ്

Thursday 09 October 2025 1:00 AM IST

കൊല്ലം: സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ ആശുപത്രിയിൽ കൊല്ലപ്പെട്ട സംഭവമാണ് ഡോ. വന്ദനാദാസിന്റെ നിഷ്ഠൂര കൊലപാതകം. കേസിന്റെ സാക്ഷിവിസ്താരം പകുതി പിന്നിട്ടു. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയായേക്കും.

135 സാക്ഷികളിൽ പകുതി പേരുടെ വിസ്താരം കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയവരുടെ വിസ്താരമാണ് ബാക്കിയുള്ളത്.

നെടുമ്പനയിലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരുന്ന കുടവട്ടൂർ സവ്ദേശി സന്ദീപാണ് ഡോ.വന്ദനയെ മദ്യലഹരിയിൽ കതിക്ര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. 2023 മേയ് 10ന് പുലർച്ചെ 4.35ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. നെഞ്ചത്തും തലയിലും ആഴത്തിലുണ്ടായ മുറിവുകളായിരുന്ന മരണ കാരണം. കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി. ഹൗസ് സർജൻസിക്കാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്.

പ്രതിക്കെതിരെ ഭാര്യയും മൊഴി നൽകിയിട്ടുണ്ട്. സന്ദീപ് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇതോടെ ഭാര്യ പിണങ്ങിപ്പോവുകയായിരുന്നു. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്നായിരുന്നു പ്രതിയുടെ പ്രധാനവാദം. സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രതിയുടെ മാനസികനില വിദഗ്ദ്ധസംഘം പരിശോധിച്ചതോടെ ഈ വാദം പൊളിഞ്ഞു.

27 കുത്ത്

സന്ദീപ് മേയ് 10ന് പുലർച്ചെ മൂന്നോടെ കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ അപകടത്തിൽപ്പെട്ടെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു. പൊലീസ് എത്തിയപ്പോൾ കാലിൽ പരിക്കേറ്റ് അയൽവാസിയുടെ പറമ്പിൽ നിൽക്കുകയായിരുന്നു. അയൽവാസികളെയും കൂട്ടി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ മുറിവ് ഡ്രസ് ചെയ്യാൻ നിർദ്ദേശിച്ചു. ഒ.പി ടിക്കറ്റുമായി സന്ദീപിനൊപ്പം ഡ്രസിംഗ് റൂമിലേക്ക് പോയ ഡോ. വന്ദന പിന്നീട് ഒബ്സർവേഷൻ റൂമിലേക്ക് പോയി. ഇതിനിടെ കാഷ്വാലിറ്റിയിൽ വച്ച് അക്രമാസക്തനായ സന്ദീപ് ഒപ്പമെത്തിയവരെ ആക്രമിച്ച ശേഷം ഒബ്സർവേഷൻ റൂമിലേക്ക് പാഞ്ഞെത്തി. ഡ്രസിംഗ് റൂമിൽ നിന്ന് കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ 27 തവണ കുത്തുകയായിരുന്നു. സന്ദീപിനെ പിന്നീട് സർവീസിൽ നിന്ന് പുറത്താക്കി.

എന്റെ മകൾ കൊല്ലപ്പെട്ടതിന്റെ അടുത്തയാഴ്ച ചേർന്ന മന്ത്രിസഭ യോഗം ആശുപത്രി സുരക്ഷാ ബിൽ പാസാക്കിയതാണ്. പക്ഷെ ആശുപത്രികളിൽ യാതൊരു സുരക്ഷയും ഒരുക്കിയിട്ടില്ല. ഇതിന് തെളിവാണ് താമരശേരി ആശുപത്രിയിലെ അക്രമം.

കെ.ജി.മോഹൻദാസ്,

ഡോ. വന്ദനയുടെ പിതാവ്