ന്യൂമാഹി ഇരട്ടക്കൊല കൊടിസുനി ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
തലശേരി: ന്യൂമാഹിയിലെ രണ്ട് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ടി.പി വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ സി.പി.എം പ്രവർത്തകരായ 14 പ്രതികളെയും തലശേരി അഡിഷണൽ ജില്ലാസെഷൻസ് കോടതി (മൂന്ന്) വെറുതേ വിട്ടു. പ്രതിപ്പട്ടികയിൽ 16 പേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർ സംഭവശേഷം മരിച്ചു. തെളിവുകളുടെ അഭാവവും പ്രധാന സാക്ഷികളും ഇല്ലാത്തത് പ്രോസിക്യൂഷന് തിരിച്ചടിയായി. ബോംബെറിഞ്ഞതിന് തെളിവും ഹാജരാക്കാനായില്ല.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മീത്തലെച്ചാലിൽ എൻ.കെ സുനിൽകുമാർ (കൊടി സുനി, 40), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ മുഹമ്മദ് ഷാഫി (39), പള്ളൂർ കിണറ്റിങ്കൽ കെ.ഷിനോജ് (36) എന്നിവരെയും പള്ളൂർ കോയ്യോട് തെരുവിലെ ടി.സുജിത്ത് (36), നാലുതറയിലെ ടി.കെ.സുമേഷ് (43), പള്ളൂരിലെ ടി.വി.ഷമിൽ (37), കവിയൂരിലെ ഷമ്മാസ് (35), ഈസ്റ്റ്പള്ളൂരിലെ കെ.കെ.അബ്ബാസ് (35), ചെമ്പ്രയിലെ രാഹുൽ (33), നാലുതറ കുന്നുമ്മൽവീട്ടിൽ വിനീഷ് (44), നാലുതറ പടിഞ്ഞാറെപാലുള്ളതിൽ പി.വി.വിജിത്ത് (40), ന്യൂമാഹി അഴീക്കൽ മീത്തലെ ഫൈസൽ (42), ഒളവിലം കാട്ടിൽ പുതിയവീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി.പി.സജീർ (38) എന്നിവരെയുമാണ് വെറുതെ വിട്ടത്.
മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. 2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിലായിരുന്നു കൊലപാതകം. മാഹി കോടതിയിൽ ഹാജരായി തിരിച്ചുവരുമ്പോൾ ബൈക്ക് തടഞ്ഞു നിറുത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 10ാം പ്രതി സി.കെ.രജികാന്ത്, 12ാം പ്രതി മുഹമ്മദ് റജീസ് എന്നിവർ സംഭവശേഷം മരിച്ചു.
കേസിന്റെ വിചാരണയ്ക്ക് ജയിലിൽ നിന്നെത്തിയ കൊടിസുനി ഹോട്ടലിലെ പാർക്കിംഗ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സി.സി ടിവി ദൃശ്യം പുറത്തുവന്നത് വിവാദമായിരുന്നു. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി. അതിനുശേഷം ഓൺലൈനായാണ് സുനി ഹാജരായത്. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ സി.കെ.ശ്രീധരൻ, കെ.വിശ്വം എന്നിവർ ഹാജരായി.
'അപ്പീൽ നൽകും'
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ആലോചിച്ച് അപ്പീൽ നൽകുമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി.പ്രേമരാജൻ. ജയിൽ ഉദ്യോഗസ്ഥരെ പോലും ഭീഷണിപ്പെടുത്തുന്ന പ്രതികൾക്കെതിരെ സാക്ഷി പറയാൻ ആളെ കിട്ടിയില്ലെന്നും പറഞ്ഞു.