ക്രിമിനലുകളുമായി ബന്ധം: മുൻ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ
Thursday 09 October 2025 1:07 AM IST
കോഴിക്കോട്: ക്രിമിനലുകളുമായി അവിശുദ്ധ ബന്ധം പുലർത്തിയെന്ന ആരോപണത്തെത്തുടർന്ന് കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. അഭിലാഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അദ്ദേഹത്തിനെതിരെ വാക്കാലുള്ള അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു. ഗുണ്ട, എൻ.ഡി.പി.എസ് പ്രതികൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായി അഭിലാഷിന് ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയിൽ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്) നൽകിയ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്‌റ്റേഷനിൽ വച്ച് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജന്മദിനാഘോഷം നടത്തി അടുത്തിടെ വിവാദത്തിലായ ഉദ്യോഗസ്ഥനാണ് കെ.പി. അഭിലാഷ്. അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്കു സ്ഥലം മാറ്റിയിരുന്നു.