നാപ്‌കിനും ഡയപ്പറുമെല്ലാം എവിടെ സംസ്‌കരിക്കുമെന്ന് ഇനി പേടി വേണ്ട, വഴി തയ്യാർ

Thursday 09 October 2025 1:15 AM IST

മണ്ണാർക്കാട്: ഡയപ്പർ മാലിന്യം സംസ്‌കരിക്കാൻ ഇനി ബുദ്ധിമുട്ടേണ്ട. ഡയപ്പറും നാപ്കിനും ഉൾപ്പടെയുള്ള സാനിറ്ററി മാലിന്യം നഗരസഭ വീട്ടിലെത്തി ശേഖരിക്കും. ഇതിനായി സുസ്ഥിര മാലിന്യനിർമാർജന രംഗത്ത് പ്രവർത്തിക്കുന്ന ആക്രി ആപ്പുമായി നഗരസഭ കൈകോർത്തു.

വാഹനത്തിന്റെ ഫ്ളാഗ് ഒഫ് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രസീത അദ്ധ്യക്ഷത വഹിച്ചു. ഈ ആഴ്ച മുതൽ ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാൻ ആക്രിയുടെ വാഹനം വീടുകളിലേക്കെത്തും. നഗരസഭാപരിധിയിൽ 29 വാർഡുകളിലായി എണ്ണായിരത്തോളം വീടുകളുണ്ട്. മാലിന്യം നൽകുന്നതിന് ആക്രി ആപ്പിൽ രജിസ്റ്റർ ചെയ്യണം.

ബയോമെഡിക്കൽ വിഭാഗത്തിലാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിംഗ് തിയതികളിൽ മാലിന്യം ശേഖരിക്കുന്നതിന് ആളുകൾ വീടുകളിലെത്തുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ഓരോ തരം മാലിന്യവും നിക്ഷേപിക്കുന്നതിന് വ്യത്യസ്ത നിറത്തിലുള്ള സഞ്ചികൾ ആവശ്യക്കാർക്ക് നൽകും. മാലിന്യമെടുക്കുമ്പോൾ തൂക്കത്തിന് അനുസരിച്ച് പ്രത്യേക നിരക്കും നൽകണം. ഇങ്ങിനെ ശേഖരിക്കുന്ന മാലിന്യങ്ങൾ എറണാകുളം അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെ.ഇ.ഐ.എൽ) എത്തിച്ചാണ് സംസ്‌കരിക്കുക. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ മാസിത സത്താർ, വത്സലകുമാരി, നഗരസഭ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി സതീഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.