മത്തിക്കുഞ്ഞുങ്ങൾ ചാകര പോലെ കൂട്ടത്തോടെ വലയിൽ, മത്സ്യത്തൊഴിലാളികൾ ചെയ്തത്
കൊല്ലം : കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ തീരദേശത്ത് പലയിടത്തും മത്സ്യത്തൊഴിലാളികൾക്ക് മത്തിയുടെ ചാകരയായിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ പലതും കരയ്ക്കടുക്കുന്നത് കുഞ്ഞുമത്തിയുമായാണ്. പത്ത് സെന്റിമീറ്ററിൽ കുറവുള്ള മീനുകളെ പിടിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ മത്സ്യത്തൊഴിലാളികൾ കുഞ്ഞൻ മത്തി പിടിക്കാറുണ്ട്.
എന്നാൽ വലയിൽ കുടുങ്ങിയ വളർച്ചയെത്താത്ത മത്തിക്കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് വിട്ടയച്ച കൊല്ലം കരുനാഗപ്പള്ളിയിലെ മത്സ്യത്തൊഴിലാളികൾ മാതൃകയാകുകയാണ്. കരുനാഗപ്പള്ളി വെളളനാതുരുത്ത് സ്വദേശി സനലിന്റെ കാർമ്മൽ എന്ന താങ്ങുലവള്ളച്ചത്തിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികാണ് നന്മയുടെ മാതൃക കാണിച്ചത്. . താങ്ങുവള്ളത്തിലെ കോരുവലയിലാണ് ചാകര പോലെ കൂട്ടത്തോടെ മത്സ്യങ്ങൾ വന്നു കയറിയത്. പിടിക്കുമ്പോൾ ഇവയുടെ വലിപ്പം അറിയാനാരില്ല. കോരി നോക്കിയപ്പോൾ മത്തിക്കുഞ്ഞുങ്ങൾ ആണെന്ന് കണ്ട് അവയെ വല തുറന്ന് കടലിലേക്ക് സ്വതന്ത്രരാക്കുകയായിരുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് മത്തിക്കുഞ്ഞുങ്ങളാണ് കടലാഴങ്ങളിലേക്ക് മടങ്ങിയത്.ഒക്ടോബർ മാസം കൂടി ഇവയെ വളരാൻ അനുവദിച്ചാൽ പിന്നീട് നേട്ടമാകുമെന്ന ചിന്തയും മത്സ്യത്തൊഴിലാളികളുടെ പുനരാലോചനയ്ക്ക് കാരണമായി.
കഴിഞ്ഞ ദിവസം കൊയിലാണ്ടി ഹാർബറിൽ കുഞ്ഞുമത്തികളുമായെത്തിയ ബോട്ടിനെതിരെ മറൈൻ പൊലീസ് നടപടിയെടുക്കാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ സംഘം ചേർന്ന് പ്രതിഷേധിച്ചിരുന്നു. ദീർഘകാലമായി പണിയില്ലാത്തതിനാൽ കൈയിൽ കിട്ടിയ മത്തിക്കുഞ്ഞുങ്ങളെ പിടിക്കാതെ ഉപജീവനം സാദ്ധ്യമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇത്തരത്തിലുള്ള ത്സ്യബന്ധനം മീനുകളുടെ വംശനാശത്തിന് വഴിവെക്കുമെന്ന് ചിന്തിക്കുന്നവരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. എന്നാൽ കൺമുന്നിലെത്തിയ കുഞ്ഞൻ മത്തികളെ പിടികൂടിയില്ലെങ്കിൽ അവ വലുതായാൽ മറ്റു ദിക്കുകളിലേക്ക് പോയ് കളയുമെന്ന മറുവാദവുമുണ്ട്.