സീനിയർ വനിതാ ട്വൻ്റി -20: കേരളത്തിന് തോൽവി

Thursday 09 October 2025 7:53 AM IST

മൊഹാലി: ദേശീയ സീനിയർ വനിതാ ട്വൻ്റി - 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ഉത്തർപ്രദേശ് 19 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളം 18.2 ഓവറിൽ 88 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടിയ ഉത്തർപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർമാരായ സമ്പദ ദീക്ഷിത് 15ഉം മുസ്കാൻ മാലിക് അഞ്ചും റൺസെടുത്ത് മടങ്ങി. ഉത്തർ പ്രദേശിനായി അഞ്ജലി സിംഗ് (31), ക്യാപ്‌ടൻ സൊനാലി (21), നിഷു ചൗധരി (19) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിന് വേണ്ടി സലോനി ഡങ്കോരെ മൂന്നും ദർശന മോഹനും എസ് ആശയും ഓരോ വിക്കറ്റ് വീതവും നേടി.തുടർന്ന് കേരളത്തിനായി 35 റൺസെടുത്ത ദൃശ്യ ഐ.വി മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച വച്ചത്. ക്യാപ്‌ടൻ സജന സജീവൻ 12ഉം എസ് ആശ പത്തും റൺസ് നേടി. ബാക്കിയുള്ളവർക്ക് രണ്ടക്കം പോലും കടക്കാനായില്ല. ഉത്തർപ്രദേശിന് വേണ്ടി സോനം യാദവ് മൂന്നും അർച്ചന ദേവി, അഞ്ജലി സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.