ആഫ്രിക്കൻ കടമ്പ
വനിതാ ലോകകപ്പിൽ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം
വിശാഖപട്ടണം : വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീം തുടർച്ചയായ മൂന്നാം ജയം തേടി ഇന്ന് ഭക്ഷിണാഫ്രിക്കയെ നേരിടും. വിശാഖ പട്ടണത്ത് വൈകിട്ട് 3 മുതലാണ് മത്സരം. ടൂർണമെൻ്റിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. സമീപ കാലത്ത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കാഡും ഉണ്ട്.
മറുവശത്ത് ആദ്യ മത്സതിൽ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമാം വിധം തകർന്ന ഭക്ഷിണാഫ്രിക്ക എന്നാൽ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനെ തകർത്ത് വിജയവഴിയിൽ എത്തിയിരുന്നു. ആത്മവിശ്വാസം തിരിച്ചു പിടിച്ച ഭക്ഷിണാഫ്രിക്കയും വിജയത്തടർച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇനിയും മെച്ചപ്പെടണം
പാകിസ്ഥാനെതിരായ 88 റൺസിൻ്റെ ജയത്തിന് ശേഷവും ഇന്ത്യൻ ക്യാപ്ടൻ ഹർമൻ പ പ്രീത് പറഞ്ഞത് ഇനിയും പല ഭാഗങ്ങളിലും ടീം മെച്ചപ്പെടാനുണ്ടെന്നായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 5 ബൗളർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. കൊളംബോയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യയ്ക്ക് ഇനിയുള്ല മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ കൂടാതെ കരുത്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെയെല്ലാമാണ് നേരിടാനുള്ളത്. ഒരു ബൗളറെക്കൂടി ഇന്ത്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. പനിയെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന അമൻജോത് കൗർ ഇന്ന് കളിക്കും. അമൻജോത് വരുമ്പോൾ പേസർ രേണുകയ്ക്കാകും സ്ഥാനം നഷ്ടമാവുക.
ദക്ഷിണാഫ്രിക്ക വിജയിച്ച ടീമിൽ മാറ്റം വരുത്തിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ എങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മദ്ധ്യനിരതാരം അനേകെ ബോസിനെ ഒഴിവാക്കാൻ സാധ്യതയുണ്ട്.
നേർക്ക് നേർ
അവസാനം മുഖാമുഖം വന്ന അഞ്ച് ഏകദിനങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. എന്നാൽ കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയാണ് ഇന്ത്യയെ സെമി കാണാതെ പുറത്താക്കിയത്.
മഴപ്പേടി
വിശാഖപട്ടണത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടുകളുണ്ട്.
ലൈവ്
സ്റ്റാർസ്പോർട്സ് നെറ്റ്‌വർക്ക്, ജിയോ ഹോട്ട്‌സ്റ്റാർ
പാകിസ്ഥാനെ സഞ്ചിയിലാക്കി കംഗാരു കുതിപ്പ് കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ 107 റൺസിന് പാകിസ്ഥാനെ കീഴടക്കി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം വേദിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ബെത്ത് മൂണിയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 36.3 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി. പാകിസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. സിദ്ര അമീനാണ് (35 )പാകിസ്ഥാന്റെ ടോപ് സ്കോറർ. പാക് ബാറ്റിംഗ് നിരയിലെ ആദ്യ 6 പേരിൽ സിദ്രയ്ക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഓസീസിനായി കിം ഗാർത്ത് മൂന്നും മേഗൻ, അന്നബെൽ സതർലാൻഡ് എന്നിവർ 2വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ബെത്ത് മൂണിയുടെ ചെറുത്ത് നില്പാണ് (114 പന്തിൽ 109) ഓസീസിനെ 200 കടത്തിയത്. പത്താം നമ്പർ താരം അലാന കിംഗിന്റെ (49 പന്തിൽ 51 നോട്ടൗട്ട്) തകർപ്പൻ ബാറ്റിംഗും ഓസീസിന് തുണയായി. ഒരുഘട്ടത്തിൽ 115/8 എന്ന നിലയിൽ തകർച്ചയിലായ ഓസീസിനെ 9-ാം വിക്കറ്റിൽ 97 പന്തിൽ 106 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ടുണ്ടാക്കി മൂണിയും അലാനയും രക്ഷിക്കുകയായിരുന്നു. പാകിസ്ഥാനായി നഷ്റ സന്ധു 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ 3 മത്സരങ്ങളിൽ നിന്ന് 5 പോയിന്റായ ഓസീസ് ഒന്നാമതെത്തി.